കോട്ടയം: കാപ്പനും ജോസും ഹരിയും ഉപതെരഞ്ഞെടുപ്പ് ഗോദയിൽ പോരാടാൻ തയാറായതോടെ പാലായിൽ ഇനി കാലവർഷ മഴയെ വകവയ്ക്കാതെ തീപാറും പോരാട്ടം. ഇന്നലെ രാത്രി വൈകി എൻഡിഎ സ്ഥാനാർഥിയായി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരിയെ പ്രഖ്യാപിച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേദിയിൽ അങ്കത്തട്ട് ഒരുങ്ങിയത്. എൽഡിഎഫ് സ്ഥാനാർഥി എൻസിപിയിലെ മാണി സി. കാപ്പനാണ് ആദ്യം പ്രചാരണം തുടങ്ങുകയും പത്രിക സമർപ്പിക്കുകയും ചെയ്തത്.
ഞായറാഴ്ച വൈകുന്നേരമാണ് അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അപ്രതീക്ഷിതമായി ജോസ് ടോം യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. എൻ.ഹരിയും മാണി സി.കാപ്പനും കഴിഞ്ഞ തവണ കെ.എം.മാണിയോട് മത്സരിച്ചു പരാജയപ്പെട്ടവരാണ്. ഇത്തവണ ഇവർ വീണ്ടും സ്ഥാനാർഥികളായിരിക്കുകയാണ്.മൂന്നു മുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലായിൽ ഇനി രാഷ്ട്രീയ പോരാട്ടമാണ് നടക്കുവാൻ പോകുന്നത്. കെ.എം.മാണിയുടെ പിൻഗാമി ആരാണെന്നറിയാനുള്ള പോരാട്ടത്തെ രാഷ്്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ജോസ് ടോമിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ കേരള കോണ്ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങളുടെ തർക്കം ഏകദേശം പരിഹരിച്ചു കഴിഞ്ഞു. ജോസ് വിഭാഗത്തിന്റെ സ്ഥാനാർഥിക്കായി ജോസഫ് വിഭാഗം നേതാക്കൾ സജീവമായി രംഗത്തുണ്ട്. എന്നാൽ രണ്ടില ചിഹ്നം സംബന്ധിച്ചുള്ള തർക്കവും അവകാശവും ഇപ്പോഴും തെരഞ്ഞെടുപ്പു കമ്മീഷനിലും നേതാക്കളിലും ചുറ്റി നിൽക്കുകയാണ്. ഇന്നും നാളെയുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തി ചിഹ്ന കാര്യത്തിൽ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
കേരള കോണ്ഗ്രസ് എമ്മിലെ മുതിർന്ന നേതാക്കളിലൊരാളാണ് ജോസ് ടോം. കെ.എം.മാണിയുടെയും ജോസ് കെ.മാണിയുടെയും വിശ്വസ്തനായ ജോസ് ടോമിന് മണ്ഡലത്തിലുടനീളം വ്യക്തിപരമായ ബന്ധങ്ങളുണ്ട്. കേരള കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും നിരവധിയായ തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ജോസ് ടോമിന് തെരഞ്ഞെടുപ്പ് പ്രചാരണം പുത്തരിയല്ല. സ്ഥാനാർഥി പ്രഖ്യപനം വന്നയുടൻ ഓട്ടപ്രദക്ഷിണത്തിലാണ് ജോസ് ടോം. കെ.എം.മാണിയുടെ ചിത്രമാണ് എന്റെ ചിഹ്നമെന്ന വൈകാരികമായ പ്രഖ്യാപനം കേരള കോണ്ഗ്രസ് ക്യാന്പുകളിൽ വലിയ വികാരമാണ് ഉണ്ടാക്കിയിരിക്കുന്നത്.
തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ജോസ് കെ.മാണിയുടെയും നേതൃത്വത്തിൽ പഴുതുകളില്ലാത്ത പ്രചാരണ പരിപാടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. നാലാം തവണ അങ്കത്തിനിറങ്ങുന്ന മാണി സി.കാപ്പനും മണ്ഡലത്തിൽ സുപരിചിതനാണ്. നേരത്തെ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ ആദ്യ റൗണ്ടിൽ മാണി സി.കാപ്പൻ പ്രചാരണത്തിൽ മുന്നിലെത്തിയിട്ടുണ്ട്. നാളെ നടക്കുന്ന നിയോജക മണ്ഡലം കണ്വൻഷനോടെ എൽഡിഎഫ് ക്യാന്പ് രണ്ടാം ഘട്ട പ്രചാരണ പരിപാടികളിലേക്ക് കടക്കും.
കായികരംഗത്തും സിനിമാ രംഗത്തും സജീവമായ മാണി സി. കാപ്പനു മണ്ഡലത്തിലുടനീളം വ്യക്തിബന്ധങ്ങളുണ്ട്. യുഡിഎഫിലെ അനൈക്യവും സ്ഥാനാർഥി നിർണയത്തിലെ തർക്കവുമാണ് എൽഡിഎഫിന്റെ പ്രചാരണ ആയുധങ്ങൾ. എൻസിപിയാണ് മത്സരിക്കുന്നതെങ്കിലും സിപിഎം നേതൃത്വത്തിന്റെ കൈയിലാണ് പ്രചാരണത്തിന്റെ ചുക്കാൻ. ഇന്നലെ രാത്രിയാണ് എൻഡിഎ സ്ഥാനാർഥിയായി എൻ.ഹരിയെ പ്രഖ്യാപിച്ചത്. അവസാന നിമിഷം കേരള കോണ്ഗ്രസ് നേതാവ് പി.സി.തോമസിനു സീറ്റു നൽകാൻ ബിജെപി നേതൃത്വം ഒരു തവണ കൂടി ചർച്ച നടത്തിയെങ്കിലും ബിജെപി സ്ഥാനാർഥി തന്നെ മതിയെന്ന തീരുമാനത്തിൽ ഒടുവിൽ എത്തുകയായിരുന്നു.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച എൻ.ഹരിയെ തന്നെയാണ് ബിജെപി രംഗത്തിറിക്കിയിരിക്കുന്നത്. കേരള കോണ്ഗ്രസ് പി.സി. തോമസ് വിഭാഗത്തിന്റെയും പി.സി.ജോർജിന്റെ ജനപക്ഷം സെക്കുലറിന്റെയും മണ്ഡലത്തിലെ സ്വാധീനവും കഴിഞ്ഞ തവണ നേടിയ വോട്ടും കൂടിയാകുന്പോൾ ഇത്തവണ വിജയം ഉറപ്പാണെന്നാണ് ബിജെപി ക്യാന്പ് പറയുന്നത്. കേന്ദ്രമന്തിമാർ ഉൾപ്പെടെയുള്ളവരെ കളത്തിലിറക്കാനാണ് ബിജെപി യുടെ തീരുമാനം. വരും ദിവസങ്ങളിൽ പാലാ ഉപതരെഞ്ഞെടുപ്പ് ഗോദ പ്രചാരണ ചൂടിൽ തിളച്ചു മറിയും.