കോട്ടയം: പാലായിലെ സ്ഥാനാർഥികളെല്ലാം പ്രചാരണ രംഗത്താണെങ്കിലും ഇന്ന് പാലാക്കാർ ഉറ്റുനോക്കുന്നത് യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി ജോസ് ടോമിന്റെ ചിഹ്നം ഏതെന്നാണ്. ഇക്കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നിവയാണ് ജോസ് ടോം ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നങ്ങളിൽ പൈനാപ്പിൾ ഉൾപ്പെടുമോ എന്നത് ഇന്നേ അറിയൂ.
അനുവദനീയ ചിഹ്നം ഒന്നിലേറെ സ്വതന്ത്ര സ്ഥാനാർഥികൾ ആവശ്യപ്പെട്ടാൽ ആദ്യം പത്രിക നൽകിയവർക്ക് അത് അനുവദിക്കും എന്നതാണ് കീഴ് വഴക്കം. 14 സ്ഥാനാർഥികൾ പത്രിക നൽകിയിരിക്കുന്നതിൽ ജോസ് ടോം ഉൾപ്പെടെ 12 പേർ സ്വതന്ത്രരാണ്. പത്രിക പിൻവലിക്കാനുള്ള അവസാന സമയവും ഇന്ന് മൂന്നിനാണ്. മൂന്നു കഴിഞ്ഞാൽ ചിത്രം വ്യക്തമാവും.
യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ വിജയത്തിനായി 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെയർമാനായും ഫിലിപ്പ് ജോസഫ്, എ.കെ.ചന്ദ്രമോഹൻ, ബിജു പുന്നത്താനം, എന്നിവർ വൈസ് ചെയർമാൻമാരും പ്രഫ.സതീശ് ചൊള്ളാനി, റോയി എലിപ്പുലിക്കാട്ട്, അനസ് കണ്ടത്തിൽ, ആർ.പ്രേംജി എന്നിവർ വൈസ് ചെയർമാൻമാരും, ഫിലിപ്പ് കുഴി കുളം ജനറൽ കണ്‍വീനറുമാണ്.
ജോസ് ടോം ഇന്നലെ ഓശാന മൗണ്ടിൽ നടന്ന കുടുംബസംഗമത്തിൽ പങ്കെടുത്തു. ഭരണങ്ങാനം, അന്പാറ, മേലുകാവ് എന്നിവിടങ്ങളിലുമെത്തി വോട്ടഭ്യർഥന നടത്തി. യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണാർഥം മുസലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക തെരഞ്ഞെടുപ്പു പ്രചാരണ സ്ക്വാഡ് രൂപീകരിച്ചു.
യുഡിഎഫ് വനിതാ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് പാലാ ബ്ലൂമൂണ്‍ ഓഡിറ്റോറിയത്തിൽ വനിതാ കൂട്ടയ്മ സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് പാലാ നിയോജമണ്ഡലം സമ്മേളനത്തിനു ശേഷം പ്രവർത്തകർ സ്ഥാനാർത്ഥി ജോസ് ടോമിനോടും യുഡിഎഫ് നേതാക്കളോടുമൊപ്പം നഗരത്തിൽ വിളംബര ജാഥ നടത്തിയിരുന്നു.
മാണി സി കാപ്പന്റെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്
ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. ഇന്നലെ മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന കെപിഎംഎസ് സമ്മേളന വേദിയിൽ വോട്ടു തേടിയെത്തി. തുടർന്നു പാലാ ബ്രില്യന്റ് കോളജിൽ അധ്യാപകരോടും അനധ്യാപകരോടും വോട്ടഭ്യർഥിച്ചു.
അങ്കണവാടി ജീവനക്കാരുടെ സമ്മേളനത്തിൽ പങ്കെടുത്തു. പരാതി നല്കിയവരോട് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കാമെന്നു സ്ഥാനാർഥി ഉറപ്പു നൽകി. രാമപുരം കൂടപ്പലത്ത് സംഘടിപ്പിച്ചിരിക്കുന്ന ഓണ പരിപാടിയിൽ പങ്കെടുത്ത സ്ഥാനാർഥി തുടർന്നു വിവിധ പഞ്ചായത്തുകളിലെ ബൂത്തു കണ്‍വൻഷനുകളിൽ പങ്കെടുത്തു.
പ്രചാരണത്തിൽ മുന്നേറി എൻ.ഹരിയും
പാലാ ടൗണിലെ വ്യാപാരികളെ സന്ദർശിച്ച് എൻഡിഎ സ്ഥാനാർഥി എൻ. ഹരി പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി. ഇന്നലെ രാവിലെ പുലിയന്നൂർ മഹാദേവനെ ദർശിച്ചതിനു ശേഷം മുത്തോലി, കരൂർ, മീനച്ചിൽ, തലപ്പുലം, മൂന്നിലവ്, തലനാട് എന്നീ സ്ഥലങ്ങളിലെ പ്രമുഖരെ കണ്ട് വോട്ട് അഭ്യർഥിച്ചു.
കരൂർ, മീനച്ചിൽ പഞ്ചായത്തുകളിലെ സ്കൂളുകളിലെ കുട്ടികളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുത്തതിനു ശേഷം പാലാ മണ്ഡലം എൻഡിഎ ഓഫീസ് ഉദ്ഘാടനത്തിൽ പങ്കു ചേർന്നു. വിവിധ പഞ്ചായത്ത് കണ്‍വൻഷനിൽ പങ്കെടുത്തതിനു ശേഷം ചില സ്വകാര്യപരിപാടികളിലും പങ്കെടുത്തു. ഇന്നു വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും.