തൊടുപുഴ: ജോസ് കെ. മാണിയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണ് പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമെന്ന് കേരള കോണ്‍ഗ്രസ്-എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടില ചിഹ്നം ഇല്ലാതെ കേരള കോണ്‍ഗ്രസ് മത്സരിച്ചത് തോൽവിക്ക് കാരണമായിട്ടുണ്ട്. ചിഹ്നം നഷ്ടമാക്കിയത് ആരാണെന്ന് പരിശോധിക്കണം. ചെയർമാന്‍റെ അസാന്നിധ്യത്തിൽ ചിഹ്നം നൽകാൻ അവകാശമുള്ള വർക്കിംഗ് ചെയർമാന് കത്ത് നൽകിയിരുന്നെങ്കിൽ രണ്ടില ചിഹ്നം ലഭിക്കുമായിരുന്നു. എന്നാൽ ജോസ് കെ. മാണി ഇതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ യുഡിഎഫ് സ്വയം പരാജയം ഏറ്റുവാങ്ങുകയായിരുന്നു. തോൽവിയെക്കുറിച്ച് യുഡിഎഫ് പരിശോധിക്കണം. തോൽവിയുടെ ഉത്തരവാദിത്വം ആർക്കെന്ന് നിഷ്പക്ഷമതികൾ വിലയിരുത്തട്ടെ. ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. പാലായിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കാൻ എത്തിയ തന്നെ കുറച്ചുപേർ ചേർന്ന് കൂകിവിളിച്ചുവെന്നും താൻ ഒരുഘട്ടത്തിലും പ്രകോപിതനായില്ലെന്നും ജോസഫ് കൂട്ടിച്ചേർത്തു.