തിരുവനന്തപുരം: മാണി സി കാപ്പന്റെ പാലായിലെ വിജയം ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിനുള്ള അംഗീകാരമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റെ കോട്ട തകർന്നു, ഐക്യ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പു നഷ്ടപ്പെട്ടു, സംഘടന ശിഥിലമായി. ഏതു സാഹചര്യത്തിലും ജയിക്കാൻ കഴിയുന്ന ഒരു മണ്ഡലമാണു യുഡിഎഫിനു നഷ്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
മുൻകാല തെരഞ്ഞെടുപ്പുകളിൽ പാലാ എൽഡിഎഫിന് എതിരായിരുന്നു. ഇക്കുറി അതു മാറി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്കു 33,000-ൽ അധികം ഭൂരിപക്ഷം ലഭിച്ച ഒരു മണ്ഡലത്തിലാണ് ഇക്കുറി എൽഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യമല്ല സംസ്ഥാനത്തു നിലനിൽക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ അടിത്തറ തകർന്നു, സംഘടന ശിഥിലമായി. വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ പാലായിലെ ഫലം പ്രതിഫലിക്കും. ഈ ജനവിധി അംഗീകരിച്ചുകൊണ്ട് എൽഡിഎഫ് പ്രവർത്തകർ കൂടുതൽ വിനയാന്വിതരായി പ്രവർത്തിക്കണം. കൂടുതൽ ജനപിന്തുണ ആർജിക്കണം. എതിരായിട്ടു വോട്ടു ചെയ്തവരോടു പോലും ശത്രുത പാടില്ലെന്നും കോടിയേരി പറഞ്ഞു.
ഇടതുപക്ഷ മുന്നണിയുടെ അടിത്തറ കേരളത്തിൽ ഭദ്രമാണ്. എക്സിറ്റ് പോളുകൾക്കു നേർ വിപരീതമായ ഫലമാണു പുറത്തുവന്നത്. യുഡിഎഫിന്റെ വൻ തോക്കുകൾ പാലാ കേന്ദ്രീകരിച്ചു ദിവസങ്ങളോളം പ്രവർത്തിച്ചെങ്കിലും അതു വിലപ്പോയില്ല. ബിജെപിയുടെ വോട്ട് വിലയ്ക്കു വാങ്ങിയിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയെന്നു ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ട്. അയാളെ ബിജെപി പുറത്താക്കിയെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
ബിജെപി സ്ഥാനാർഥിയായി ഇക്കുറി എൻ. ഹരിയെ നിർത്തിയതു തന്നെ യുഡിഎഫ്-ബിജെപി ധാരണയുടെ ഭാഗമാണ്. പാലായിൽ പി.സി. തോമസിനെ മത്സരിപ്പിക്കണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് അട്ടിമറിച്ചു ഹരിയെ നിശ്ചയിക്കുകയായിരുന്നു. ഇത് ഒത്തുകളിയുടെ ഭാഗമാണ്. എന്നിട്ടും യുഡിഎഫ് രക്ഷപ്പെട്ടില്ല. ബിഡിജഐസ് ബിജെപിക്കാണു പിന്തുണ കൊടുത്തത്, പക്ഷേ പാലായിൽ എസ്എൻഡിപി പിന്തുണ ഇടതുപക്ഷത്തിനു ലഭിച്ചെന്നും കോടിയേരി പറഞ്ഞു.
ഇത് സർക്കാരിന് അനുകൂലമായ ജനവിധിയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ജനവിധിയാകുമെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.