പാലാ: ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതിനു പിന്നാലെ തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞത് ഇടതു മുന്നണി പ്രവർത്തകരെ ആവേശത്തിലാക്കി. മാണി സി. കാപ്പന്റെ പേര് മാത്രമേ പരിഗണിച്ചിരുന്നുള്ളുവെന്നതിനാൽ തിരുവനന്തപുരത്ത് സ്ഥാനാർഥി പ്രഖ്യാപനം നടന്നയുടൻ തന്നെ പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും സ്ഥാനാർഥിക്കു വോട്ടുകൾ അഭ്യർഥിച്ചു കൊണ്ടുള്ള ബോർഡുകൾ ഇടതുമുന്നണി പ്രവർത്തകർ സ്ഥാപിക്കാൻ ആരംഭിച്ചു.
എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നലെ വൈകുന്നേരമുണ്ടായതോടെ ഇടതു മുന്നണി ക്യാന്പ് ആവേശത്തിലാണ.് മാണി സി കാപ്പന്റെ പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. സെപ്റ്റംബർ നാലിനു നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ പാലായിലെത്തും. വൈകുന്നേരം നാലിന് നടക്കുന്ന കണ്‍വൻഷനായി മുനിസിപ്പൽ ടൗണ്‍ഹാൾ, പുഴക്കര മൈതാനം എന്നിവയാണ് പരിഗണിക്കുന്നത്.
ഇടതുമുന്നണിയുടെ സംസ്ഥാന നേതാക്കളും കണ്‍വൻഷനിൽ പങ്കെടുക്കും. സെപ്റ്റംബർ മൂന്നിന് പാലായിൽ എസ്എഫ്ഐ വിദ്യാർഥി റാലിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പങ്കെടുക്കും.ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തെ തുടർന്ന് സിപിഎം മുഴുവൻ ബൂത്ത് സെക്രട്ടറിമാരുടെയും യോഗം വിളിച്ചു ചേർത്തു. എൻസിപിയും യോഗം ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സിപിഐ ജില്ലാ കമ്മിറ്റി 30ന് പാലായിൽ ചേർന്ന് നേതാക്കൾക്ക് ചുമതല നൽകും. മറ്റു ഘടക കക്ഷികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം തന്നെ ഇടതു മുന്നണി പ്രവർത്തകർ വ്യാപകമായി പ്രചാരണം നടത്തുന്ന കാഴ്ചയാണ് മണ്ഡലത്തിലുടനീളം കാണാൻ കഴിഞ്ഞത്. കഴിഞ്ഞ മൂന്നു തവണയും മത്സരിച്ചത് കാപ്പനായിരുന്നതിനാൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തതും മണ്ഡലത്തിലെ മുക്കും മൂലയും കാപ്പനു പരിചയം ഉള്ളതും ഇടതുപക്ഷം പ്രചാരണരംഗത്ത് ആദ്യഘട്ടത്തിൽ മുന്നേറിയതും ഗുണം ചെയ്യുമെന്ന് ഇടതു മുന്നണി കണക്കുകൂട്ടുന്നു.