കോട്ടയം: മറ്റു രണ്ടു മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ ഇപ്പോൾ പാലായിലെ താരം ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ തന്നെ. പരസ്യപ്രചാരണത്തിനു തുടക്കം കുറിച്ച് ഇടതു സ്ഥാനാർഥി പാലായിൽ സജീവമായി. യുഡിഎഫിലും എൻഡിഎയിലും തിരക്കിട്ട ചർച്ചകൾ തുടരുന്നു.
എൽഡിഎഫ് സ്ഥാനാർഥി നാളെ പത്രിക സമർപ്പിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ രാവിലെ പാലായിലെത്തിയ എൽഡിഎഫ് സ്ഥാനാർഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഇന്നു രാവിലെ എലിക്കുളം,മേലുകാവ് പഞ്ചായത്തുകളിൽ മാണി സി. കാപ്പൻ പര്യടനം നടത്തുകയാണ്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പാലായിൽ തയാറായെങ്കിലും സ്ഥാനാർഥി പ്രഖ്യാപനത്തോടെ മാത്രമേ ക്യാന്പ് സജീവമാകുകയുള്ളു. നാളെ കോട്ടയത്ത് പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ യോഗം ചേർന്ന് സ്ഥാനാർഥി നിർണയ ചർച്ചകൾ നടത്തും.
ഇന്നലെ വൈകുന്നേരം യുഡിഎഫ് പാലാ മണ്ഡലം നേതൃയോഗം ചേർന്ന് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. എൻഡിഎ ക്യാന്പിലും ചർച്ചകൾ തുടരുകയാണ്. ഇന്നു വൈകുന്നേരം ചേരുന്ന എൻഡിഎ യോഗത്തിനു ശേഷമായിരിക്കും സീറ്റ് ആർക്കെന്ന കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളു.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ
മുഖ്യകോട്ടയം: പാലാ നിയോജക മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ സെപ്റ്റംബർ നാലിന് വൈകുന്നേരം നാലിന് പുഴക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രമാരായ ഇ. ചന്ദ്രശേഖരൻ, കെ.കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഫ്രാൻസീസ് ജോർജ്, കെ..ബി.ഗണേഷ്കുമാർ, എം.വി. ശ്രേയംസ് കുമാർ, സി. കെ.നാണു തുടങ്ങിയ എൽഡിഎഫ് സംസ്ഥാന നേതാക്കൾ കണ്വൻഷനിൽ പങ്കെടുക്കും.