പാലാ: യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന്റെ പഞ്ചായത്തുതല പര്യടന പരിപാടികളും കോർണർ യോഗങ്ങളും ആരംഭിക്കുന്നു. പര്യടന പരിപാടിയുടെ അന്തിമരൂപം നിശ്ചയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യുഡി എഫിന്റെ പ്രമുഖ നേതാക്കൾ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.
ബൂത്തു കണ്‍വൻഷനുകൾ സമാപിച്ചതോടെ ഒന്നാം ഘട്ട ഭവന സന്ദർശന പരിപാടി ആരംഭിച്ചു. തിരുവോണത്തിനു മുന്‍പായി എല്ലാ ഭവനങ്ങളിലും യുഡിഎഫ് സന്ദേശം എത്തിക്കുകയാണ് ലക്ഷ്യം. ജോസ് ടോം ഇന്നലെ അതിരാവിലെ തന്നെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. 6.30ന് പാലാ ഇന്റർ നാഷണൽ ജിമ്മിലെത്തി വോട്ട് അഭ്യർഥിച്ചു.
കരൂർ പഞ്ചായത്തിലെ ബോയസ്് ടൗണ്‍, കരുണാലയം, സ്നേഹാലയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അന്ത്യാളത്ത് എത്തി വ്യാപാരികളോട് വോട്ട് അഭ്യർഥിച്ച സ്ഥാനാർഥി ഉച്ചയ്ക്ക് പാലാ മരിയൻ മെഡിക്കൽ സെന്ററിൽ നടന്ന രക്തദാന ക്യാന്പിൽ ജോസ് കെ.മാണിയോടൊപ്പം പങ്കെടുത്തു. ഇതിനിടെ ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളുമായി ചർച്ച നടത്തി.
മാണി സി. കാപ്പൻ മലയോര മേഖലയിൽ
പാലാ: ഇടതുമുന്നണി സ്ഥാനാർഥി മാണി സി. കാപ്പൻ ഇന്നലെ മലയോര മേഖലയിലായിരുന്നു പ്രചാരണം. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലെത്തിയ സ്ഥാനാർഥി സ്ഥാപനങ്ങളിലും മറ്റും നേരിട്ടെത്തി വോട്ടഭ്യർഥിച്ചു.
കല്യാണ വീടുകളിലും മരണവീടുകളിലും ഓടിയെത്താൻ സ്ഥാനാർഥി സമയം കണ്ടെത്തി. നിരവധി ഗൃഹപ്രവേശന ചടങ്ങിലും സംഘടനകളുടെ ഓണാഘോഷപരിപാടികളിലും പങ്കെടുത്ത സ്ഥാനാർഥി സിഎസ്ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ സണ്‍ഡേ സ്കൂൾ ക്യാന്പ്, ആയുർവേദ ഡിസ്പെൻസറി, മേലുകാവ് തിരുഹൃദയമഠം എന്നിവിടങ്ങളിലും വോട്ടു തേടി. സീനിയർ സിറ്റിസണ്‍സ് ക്ലബ് ഓണാഘോഷത്തിലും പങ്കെടുത്തു.
പിന്നീട് കവണാർ ലാറ്റക്സിലെ തൊഴിലാളികളെ നേരിൽ കണ്ടു വോട്ടുകളഭ്യർഥിച്ചു. വൈകുന്നേരം വിവിധ പഞ്ചായത്തുകളിലെ ബൂത്തു കണ്‍വൻഷനുകളിലും പങ്കെടുത്തു.
ഹരിയുടെ പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്
കോട്ടയം: എൻഡിഎ സ്ഥാനാർഥി എൻ. ഹരി പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാവിലെ ഭരണങ്ങാനത്തു നിന്നാണ് പ്രചാരണം ആരംഭിച്ചത്. പ്രമുഖ വ്യക്തികളെ നേരിൽ കണ്ടതിനു ശേഷം ടൗണിലെത്തി വ്യാപരികളോടും ടാക്സി തൊഴിലാളികളോടും വോട്ടഭർഥിച്ചു.
തുടർന്ന് തലപ്പലം, മേലുകാവ് പഞ്ചായത്തുകളിലായിരുന്നു പര്യടനം. നാട്ടിൻപുറങ്ങളിലെ വിവിധ ക്ലബുകളുടെയും സംഘടനകളുടെയും ഓണാഘോഷപരിപാടികളിലും പങ്കെടുത്തു. ഉച്ചയോടെ എൻഡിഎ കേന്ദ്ര തെരഞ്ഞെുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ സ്ഥാനാർഥി നേതാക്കളുമായി ചർച്ച നടത്തി. മണ്ഡല പര്യടനം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ദേശീയ നേതാക്കളുടെ പര്യടന കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
തുടർന്നു നഗരത്തിലെത്തിയ സ്ഥാനാർഥിക്ക് പ്രവർത്തകർ സ്വീകരണം നൽകി. ടാക്സി തൊഴിലാളികളോടും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും വോട്ടു തേടിയ സ്ഥാനാർഥി വൈകുന്നേരത്തോടെ തലനാട് പഞ്ചായത്തിലേക്ക് തിരിച്ചു. കല്യാണ വീടുകളിലും മരണവീടുകളിലും സന്ദർശനം നടത്തി.