പാലാ: കേരളമാകെ ശ്രദ്ധിക്കപ്പെടുന്ന പാലാ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച. പരസ്യ പ്രചാരണം നാളെയാണ് അവാസാനിക്കേണ്ടതെങ്കിലും നാളെ ശ്രീനാരായണ ഗുരുസമാധി ദിനമായതിനാൽ ഇന്ന് കലാശക്കൊട്ട് നടത്താൻ മുന്നണികൾ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്ന് വൈകുന്നേരം പരസ്യപ്രചാരണത്തിന് തിരശീല വീഴും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറുവരെ പാലാ നഗരത്തിലാണ് മുന്നണികളുടെ കലാശക്കൊട്ട്.
എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കം മന്ത്രിമാരും നേതാക്കളും കലാശക്കൊട്ടിൽ അണിചേരുന്പോൾ യുഡിഎഫിനു വേണ്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമടക്കമുള്ള യുഡിഎഫിന്റെ സംസ്ഥാന നേതൃത്വം ഒന്നാകെ കലാശക്കൊട്ടിൽ പങ്കെടുക്കും. എൻഡിഎയ്ക്കു വേണ്ടി ബിജെപി ദേശീയ ജനറൽ സെക്രട്ടറിമാരും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വവും പാലായിലുണ്ട്.
കെ.എം. മാണിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനായി യുഡിഎഫ് നേതൃത്വം അരയും തലയും മുറുക്കിയാണ് കഴിഞ്ഞ ഒരുമാസമായി പ്രചാരണം നടത്തുന്നത്. ഹൃദയത്തിൽ മാണി സാർ നമുക്കൊപ്പം ജോസ് ടോം എന്നാണ് യുഡിഎഫിന്റെ പ്രചാരണ വാക്യം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും മറ്റു യുഡിഎഫ് ഘടകകക്ഷി നേതാക്കളും പാലായിൽ തന്പടിച്ചായിരുന്നു പ്രചാരണ പ്രവർത്തനങ്ങൾ. കുടുംബയോഗങ്ങളിലും ബൂത്തുകണ്വൻഷനുകളിലും യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും എംഎൽഎമാരും പങ്കെടത്തു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ. എൽഡിഎഫ് സർക്കാരിന്റെ വികസനവിരുദ്ധ നയങ്ങൾ തുറന്നു കാട്ടിയും ശബരിമല വിഷയം, പിഎസ്്സി തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളും യുഡിഎഫ് പ്രചാരണ ആയുധമാക്കി. കാരുണ്യ പദ്ധതി നിർത്തലാക്കിയതാണ് മുഖ്യ പ്രചാരണ വിഷയം.
എൽഡിഎഫ് ആകട്ടെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെയാണ് ഇന്ന് കലാശക്കൊട്ടിന് കളത്തിലിറക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി മണ്ഡലത്തിൽ ക്യാന്പ് ചെയ്തു കൊണ്ടുള്ള പ്രവർത്തനമാണ് മുഖ്യമന്ത്രി നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാർ, സിപിഐ സംസ്ഥാന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവരും മണ്ഡലത്തിൽ ക്യാന്പ് ചെയ്തായിരുന്നു പ്രവർത്തനം. ഇന്നു എൽഡിഎഫിന്റെ കലാശക്കൊട്ടിന്റെ സമാപനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
മണ്ഡലത്തിലെ വികസന മുരടിപ്പും സർക്കാരിന്റെ വികസന നേട്ടങ്ങളുമാണ് എൽഡിഎഫ് പ്രചാരണ ആയുധമാക്കിയത്. മുഖ്യമന്ത്രി ഒന്പത് പൊതുയോഗത്തിൽ പങ്കെടുത്തു. മന്ത്രിമാരും നേതാക്കളും പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ദിവസങ്ങളോളം പ്രചാരണം നടത്തി. കുടുംബയോഗങ്ങളിലും ഭവനസന്ദർശനത്തിലും മന്ത്രിമാരെത്തി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരും പ്രചാരണത്തിനെത്തിയിരുന്നു.
എൻഡിഎ നേതൃത്വവും പ്രചാരണത്തിൽ സജീവമായിരുന്നു. ഇന്നു വൈകുന്നേരം വൻ പ്രകടനമാണ് പാലായിൽ എൻഡിഎ നേതൃത്വം കലാശക്കൊട്ടിന്റെ ഭാഗമായി നടത്തുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ അടക്കമുളള നേതാക്കൾ മണ്ഡലത്തിൽ പ്രചാചരണത്തിനെത്തി. ഒരു ഡസൻ ദേശീയ നേതാക്കൾ മണ്ഡലത്തിൽ ക്യാന്പ് ചെയ്തു പ്രവർത്തിച്ചു.
സംസ്ഥാന നേതൃത്വമാകട്ടെ അരയുംതലയും മുറുക്കിയുള്ള പ്രചാരണ തന്ത്രങ്ങളാണ് മെനഞ്ഞത്. കേന്ദ്ര ഗവണ്മെന്റിന്റെ വികസന പ്രവർത്തനങങ്ങൾ നിരത്തിയും സംസ്ഥാന സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആരോപണങ്ങൾ മെനഞ്ഞുമായിരുന്നു എൻഡിഎ ക്യാന്പിന്റെ പ്രവർത്തനങ്ങൾ.