പാലാ ഉപതെരഞ്ഞെടുപ്പ്; സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയുമില്ല; എൽഡിഎഫിന് മികച്ച ഫലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങളെ ജനങ്ങൾ വിലയിരുത്തുന്നതിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ഇടതു മുന്നണിക്ക് അനുകൂലമായ മികച്ച ഫലം പാലായിലുണ്ടാകും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കണക്കിലെടുക്കുന്നില്ല. ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പ്രത്യേക വികാരം സംസ്ഥാനത്തുണ്ടായിരുന്നു. അതാണ് യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ആ സാഹചര്യം ഇപ്പോഴില്ലെന്നും യുഡിഎഫ് അത്തരമൊരു വിജയം പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ തർക്കങ്ങളൊന്നും എൽഡിഎഫ് പരിഗണിക്കുന്നില്ല. കെ.എം.മാണി വർഷങ്ങളായി വിജയിച്ച മണ്ഡലത്തിൽ അവർക്ക് ഗുണകരമായ അന്തരീക്ഷമല്ല നിലവിലുള്ളത്. തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമായി തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപിയെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts