പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ നാലു മണിക്കൂർ പിന്നിടുന്പോൾ പോളിംഗ് ശതമാനം 21 ശതമാനം കഴിഞ്ഞു. ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.
നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോ പറഞ്ഞു. കൂവത്തോട് ഗവ. എൽപി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശരാശരിയേക്കാൾ ഉയർന്ന പോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി.കാപ്പനും പ്രതികരിച്ചു. ഒന്നാമനായി വോട്ട് ചെയ്യാൻ കഴിഞ്ഞത് ഒന്നാമത് എത്തുമെന്നതിന്റെ സൂചനയാണ്. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിന് മുകളില്‍ പോളിംഗ് ഉണ്ടാകുമെന്നും കാപ്പൻ പറഞ്ഞു.
പാലായില്‍ അത്ഭുതം സംഭവിക്കുമെന്ന് എന്‍ഡിഎ സ്ഥാനാർഥി എന്‍. ഹരി പ്രതികരിച്ചു. ഫലം ഇടതുപക്ഷത്തിന് എതിരായ വിധിയെഴുത്ത് ആകും. എൻഡിഎയ്ക്കു വലിയ മുന്നേറ്റമാണ് കാണാൻ സാധിക്കുന്നത്. വോട്ടർമാരിൽനിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആത്മവിശ്വാസത്തിലാണെന്നും ഹരി കൂട്ടിച്ചേർത്തു.
12 പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന മണ്ഡലത്തിൽ 176 പോളിംഗ് ബൂത്തുകളിലായി 1,79,107 വോട്ടർമാരാണ് വിധിയെഴുതുന്നത്.