കോട്ടയം: ഉപതെരഞ്ഞെടുപ്പിനു നാലു ദിവസം മാത്രം ബാക്കി നിൽക്കേ പ്രചാരണ പ്രവർത്തനങ്ങൾക്ക് വീറും വാശിയും പകർന്ന് ജനനേതാക്കൾ ഇന്നു പാലായിൽ എത്തും. എൽഡിഎഫിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും യുഡിഎഫിനു വേണ്ടി കേണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയുമാണ് ഇന്ന് പാലായിലെത്തുന്നത്. ആന്റണി പങ്കെടുക്കുന്ന യോഗത്തിൽ പി.ജെ. ജോസഫും പങ്കെടുക്കുന്നുണ്ട്.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം നാലിനു പാലാ കുരിശുപള്ളി കവലയിൽ നടക്കുന്ന മഹാസമ്മേളനം എ. കെ. ആന്റണി എംപി ഉദ്ഘാടനം ചെയ്യും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംപി, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി, നേതാക്കളായ പി. ജെ. ജോസഫ് എംഎൽഎ , ജോസ് കെ. മാണി എംപി, അനൂപ് ജേക്കബ് എംഎൽഎ, സി. പി. ജോണ്‍, എ. എ. അസീസ്, ജി. ദേവരാജൻ തുടങ്ങിയവർ പ്രസംഗിക്കും.
മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുമുതൽ 20 വരെ പാലായിലുണ്ടാകും. ഇന്നു രാവിലെ 10ന് മേലുകാവുമറ്റത്തും, വൈകുന്നേരം നാലിന് കൊല്ലപ്പള്ളിയിലും അഞ്ചിന് പേണ്ടാനംവയലിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. തുടർച്ചയായി മൂന്നു ദിവസത്തെ പരിപാടിയാണ് മുഖ്യമന്ത്രിക്കുള്ളത്.
19 മുതൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. സി.ദിവാകരൻ, മന്ത്രി. ഇ. ചന്ദ്രശേഖരൻ, മന്ത്രി വി.എസ്.സുനിൽകുമാർ, കെ.ഇ.ഇസ്മയിൽ, പന്ന്യൻ രവീന്ദ്രൻ, കെ.ഫ്രാൻസീസ് ജോർജ്, ആർ. ബാലകൃഷ്ണപിള്ള, കാസിം ഇരിക്കൂർ, കെ.ബി. ഗണേഷ്കുമാർ, സ്കറിയ തോമസ്, മന്ത്രി എ.കെ.ശശീന്ദ്രൻ, എം.വി.ശ്രേയാംസ് കുമാർ തുടങ്ങിയവരും പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ത്രിപുരയിൽ സിപിഎം ഭരണം അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പു ചുക്കാൻ പിടിച്ച ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദേവ്ധർ, ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു എന്നിവർ ഇന്നും നാളെയുമായി വിവധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. കെ.സുരേന്ദ്രൻ, പി.സി.ജോർജ്, ഷോണ്‍ ജോർജ് എന്നിവരും പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കും.