കോട്ടയം: പാലായിൽ വിധിയെഴുത്തിനു ഒരാഴ്ച ബാക്കി നിൽക്കേ കളത്തിൽ സൂപ്പർ നേതാക്കളെ രംഗത്തിറക്കി പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങുകയാണു മൂന്നു മുന്നണികളും എൽഡിഎഫിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നു ദിവസം മണ്ഡലത്തിൽ ക്യാന്പ് ചെയ്തു പ്രചാരണം ഏറ്റെടുക്കുന്പോൾ യുഡിഎഫിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുമാണു ചുക്കാൻ പിടിക്കുന്നത്. കേന്ദ്രമന്ത്രി വി. മുരളീധരനെ കളത്തിലിറക്കിയാണ് എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മെനയുന്നത്. നാളെ മുതൽ സൂപ്പർ താരങ്ങളെന്ന പോലെ നേതാക്കൾ പാലായിലെത്തുന്നതോടെ തീപാറും പ്രചാരണമായിരിക്കും പാലായിൽ.
കുടുംബയോഗങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും
യുഡിഎഫിന്റെ പ്രചാരണത്തിന്റെ ചുക്കാൻ ഏറ്റെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാലായിൽ ക്യാന്പ് ചെയ്യുകയാണ്. ഇന്നലെ സ്ഥാനാർഥിയുടെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത ഉമ്മൻചാണ്ടി ഇന്നു മുതൽ 19 വരെ വിവിധ പഞ്ചായത്തുകളിലായി ഇരുപതോളം കുടുംബയോഗങ്ങളിൽ പങ്കെടുക്കും. ഇന്നു രാവിലെ മുത്തോലിയിൽ കുടുംബയോഗത്തിനു തുടക്കമാകും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇന്നത്തെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യുന്നത്. രമേശ് ചെന്നിത്തലയും വൈകുന്നേരം മുതൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കും. 20 വരെ മണ്ഡലത്തിൽ ക്യാന്പ് ചെയ്യുന്ന ചെന്നിത്തലയും 25ൽ അധികം കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, എംഎൽഎമാരായ റോജി എം. ജോണ്, പി.ടി. തോമസ്, അനിൽ അക്കര, എം. വിൻസെന്റ് യുഡിഎഫ്് നേതാക്കളായ സി.പി. ജോണ്, എ.എ. അസീസ് തുടങ്ങിയവരും പ്രചാരണ പ്രവർത്തനങ്ങൾക്ക്് നാളെ മുതൽ എത്തും. യുഡിഎഫിന്റെ എംഎൽഎമാരും എംപിമാരും പഞ്ചായത്തുകളും ബൂത്തുകളും കേന്ദ്രീകരിച്ച് ഭവനസന്ദർശന പരിപാടികളും നടത്തുന്നുണ്ട്.
മുഖ്യമന്ത്രി ഒന്പത് പൊതുയോഗങ്ങളിൽ ,കോടിയേരിയും പന്ന്യൻ രവീന്ദ്രനും മണ്ഡലത്തിൽ ക്യാന്പ് ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയൻ 18 മുതൽ 20 വരെ പാലായിൽ ക്യാന്പ് ചെയ്തു പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. മണ്ഡത്തിലാകെ ഒന്പത് പൊതുയോഗങ്ങളിലാണു പിണറായി വിജയൻ പങ്കെടുക്കുന്നത്. 18ന് മേലുകാവുമറ്റം, കൊല്ലപ്പള്ളി, പേണ്ടാനംവയൽ, 19നു മുത്തോലി, പൈക, കൂരാലി 20നു പനയ്ക്കപ്പാലം, രാമപുരം, പാലാ ടൗണ് എന്നിവിടങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് നേതാക്കളും പ്രവർത്തകരുമായി കൂടിയാലോചനകളും നടത്തും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രണ്ടു ദിവസമായി മണ്ഡലത്തിലുണ്ട്. നാളെ മുതൽ കോടിയേരി ബാലകൃഷ്ണൻ വിവിധ പഞ്ചായത്തുകളിലെത്തി പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകും. സിപിഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ, ജനാധിപത്യ കേരള കോണ്ഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്, എൻസിപി നേതാവ് ടി.പി. പീതാംബരൻമാസ്റ്റർ, തോമസ് ചാണ്ടി, മാത്യു ടി. തോമസ്, എം.വി. ശ്രേയസ് കുമാർ, മന്ത്രിമാരായ എം.എം. മണി, ജി. സുധാകരൻ, സി. രവീന്ദ്രനാഥ്, വി.എസ്. സുനിൽകുമാർ, എ.കെ. ബാലൻ, കെ.കെ. ഷൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരും വിവിധ കുടുംബയോഗങ്ങളിൾ പങ്കെടുക്കും.
വിവിധ ജില്ലകളിൽനിന്നുള്ള എൽഡിഎഫിന്റെ എംഎൽഎമാർ ഓരോ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചും പ്രചാരണപ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.
എൻഡിഎയ്ക്കുവേണ്ടി ത്രിപുരയിൽ തന്ത്രം മെനഞ്ഞ സുനിൽ ദിയോധറും സുരേഷ് ഗോപിയും
എൻഡിഎയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനും തന്ത്രങ്ങൾ മെനയുന്നതിനുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം നിരവധി പ്രമുഖർ ഇന്നു മുതൽ പാലായിലെത്തും. പതിറ്റാണ്ടുകൾ നീണ്ട ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുരയിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിനു തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ സുനിൽ ദിയോധർ 17നു പാലായിലെത്തും. രണ്ടു ദിവസം അദ്ദേഹം പാലായിൽ തങ്ങി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വിവിധ യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ 20നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവു 18നും പാലായിലെ വിവിധ കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ സുരേഷ് ഗോപി എംപിയും പാലായിലെത്തുന്നുണ്ട്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എംഎൽഎ, കെ. സുരേന്ദ്രൻ, എം.ടി. രമേഷ്, ശോഭ സുരേന്ദ്രൻ, ബി. ഗോപാലകൃഷ്ണൻ തുടങ്ങിയവരും വരുംദിവസങ്ങളിൽ പാലായിലെത്തുന്നുണ്ട്.