തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരാകണമെന്നതിൽ യുഡിഎഫ് യോഗത്തിൽ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തർക്ക വിഷയങ്ങളിൽ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ പി.ജെ. ജോസഫ് ജോസ് കെ. മാണി വിഭാഗങ്ങൾക്കിടയിൽ തർക്കങ്ങളുണ്ട്. ഇതിനാൽ അഭിപ്രായഭിന്നത പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല യുഡിഎഫ് യോഗ ശേഷം വ്യക്തമാക്കി. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, പാലായിൽ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥി വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. നേരത്തേ, സ്ഥാനാർഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുമെന്ന പി.ജെ ജോസഫിന്റെ വാദത്തെ തള്ളി റോഷി അഗസ്റ്റിൻ രംഗത്തെത്തിയിരുന്നു. കെ.എം. മാണിയുടെ സീറ്റിനെ ചൊല്ലി തർക്കങ്ങൾക്ക് പ്രസക്തിയില്ലെന്നും സ്ഥാനാർഥിയെ ജോസ് കെ. മാണി പ്രഖ്യാപിക്കുമെന്നും റോഷി പ്രതികരിച്ചു.
പാലാ സീറ്റിൽ യുഡിഎഫിനുവേണ്ടി മത്സരിക്കുന്നത് കേരള കോൺഗ്രസ്-എമ്മായിരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരും വ്യക്തമാക്കിയിരുന്നു. പാലാ സീറ്റില്‍ 54 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്-എം ആണ് മത്സരിക്കുന്നത്. ഈ കീഴ്വഴക്കം മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.