പാലാ: എന്തു വില കൊടുത്തും പാലാ മണ്ഡലത്തിന്റെ പാരന്പര്യം നിലനിർത്താൻ യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഇതിനായി രാപകൽ അധ്വാനത്തിനു യുഡിഎഫ് പ്രവർത്തകരോട് നേതൃയോഗം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ പാലായിൽ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്.
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന രാപകൽ സമരം ജില്ലയിൽ ഉപേക്ഷിച്ച് രാപകൽ തെരഞ്ഞെടുപ്പു പ്രവർത്തനത്തിനാണ് നേതൃയോഗം രൂപം നൽകിയത്. രാപകൽ സമരത്തിലെ ആവശ്യങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളാക്കും. ജോസ് കെ.മാണി എംപി മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.
പാലാ കുരിശുപള്ളി കവലയിൽ യുഡിഎഫ് ഇലക്്ഷൻ കമ്മിറ്റി ഓഫീസ് തയാറാക്കി. ഇവിടെ യോഗങ്ങളും മറ്റും നടത്താനുള്ള ക്രമീകരണത്തോടെയാണ് ഓഫീസ് തയാറാക്കിയിരിക്കുന്നത്.പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫിന്റെ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന നേതൃയോഗം നാളെ കോട്ടയത്ത് നടക്കും.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള നേതാക്കൾ പങ്കെടുക്കും. ഈ യോഗത്തിനു മുന്‍പായി കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവുമായി നേതാക്കൾ ഉഭയകക്ഷി ചർച്ചയും നടത്തും. നേതൃയോഗത്തിനു ശേഷം സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.