തിരുവനന്തപുരം: യുഡിഎഫ് യോഗം ആരംഭിച്ചു. പാലാ ഉപതെരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ വിഷയം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയം ചർച്ചയാകും. കന്റോണ്‍മെന്റ് ഹൗസിൽ യുഡിഎഫ് ചെയർമാൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിലാണ് യോഗം .
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ, യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, അനൂപ് ജേക്കബ്, ജോണി നെല്ലൂർ, പിജെ.ജോസഫ്, ജോസ് കെ മാണി, സി.പി.ജോണ്‍ , എ.എ. അസീസ് എന്നിവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റാണ് പാലാ. എന്നാൽ കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ഇതുവരെക്കും സാധിക്കാത്തത് മുന്നണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ജോസ് കെ മാണി, പി.ജെ. ജോസഫ് എന്നിവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ യുഡിഎഫിന് ഏറെ നാളായി ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയായിരുന്നു.