പാലാ: പാലായിൽ വിധിയെഴുത്തിന് ഇനി മൂന്നുനാൾ. നാലാം ദിവസം വോട്ടെടുപ്പ്. പ്രചാരണം തീരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് സ്ഥാനാർഥികൾ. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശം. തിങ്കളാഴ്ച വോട്ടെടുപ്പ്. ആകെ വോട്ടർമാർ 1,79,107. പുരുഷൻമാർ 87,72,9. സ്ത്രീകൾ 91,37,8. 27ന് രാവിലെ വോട്ടെണ്ണൽ. രാവിലെ 11ന് ഫലപ്രഖ്യാപനം.
അഡ്വ. ജോസ് ടോം (യുഡിഎഫ്), മാണി സി. കാപ്പൻ (എൽഡിഎഫ്), എൻ. ഹരി (എൻഡിഎ) ഉൾപ്പെടെ 13 സ്ഥാനാർഥികളാണു മത്സര രംഗത്തുള്ളത്. ആവേശകരമായ ഇലക്ഷൻ സമ്മേളനങ്ങൾക്കു പുറമെ പര്യടനവും കുടുംബയോഗങ്ങളുമായി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ.
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ എൽഡിഎഫ് പ്രചാരണത്തിൽ സജീവമായി. പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, അൽഫോൻസ് കണ്ണന്താനം, പി.സി. തോമസ് തുടങ്ങിയ എൻഡിഎ നേതാക്കൾ പാലായിലെത്തി.
കെ.എം. മാണി 53 വർഷം വിജയിച്ച പാലായിൽ ഇക്കുറി സ്ഥാനാർഥിയായി കെ.എം. മാണിയില്ല, ചിഹ്നമായി രണ്ടിലയുമില്ല. എന്നാൽ യുഡിഎഫിന് ശക്തമായ വേരോട്ടമുള്ള പാലായിൽ ലോക് സഭയിൽ ലഭിച്ച മുൻതൂക്കം ആവർത്തിച്ച് ജോസ് ടോം മികച്ച വിജയം നേടുമെന്ന് നേതാക്കളും പ്രവർത്തകരും ആവർത്തിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ തുടക്കം എന്ന നിലയിൽ പാലായിലെ വിജയം യുഡിഎഫിന് അനിവാര്യമാണുതാനും.
അതേസമയം നാലാംവട്ടം സ്ഥാനാർഥിയായ എൽഡിഎഫിലെ മാണി സി. കാപ്പന് അനുകൂല സാഹചര്യങ്ങൾ പലതുണ്ടെന്ന് ഇടതുമുന്നണി. പ്രചാരണത്തിൽ കൂടുതൽ സമയം ലഭിച്ചതും നേട്ടമാകുമെന്ന് എൽഎഡിഎഫ്. എൻഡിഎയിൽ എൻ. ഹരി നേട്ടമുണ്ടാകുമെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുന്നു.
പാലാ നഗരസഭയും 12 പഞ്ചായത്തുകളും ഉൾപ്പെട്ടതാണു പാലാ നിയോജകമണ്ഡലം. തലപ്പലം, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, രാമപുരം പഞ്ചായത്തുകൾ യുഡിഎഫും കടനാട്, തലനാട്, എലിക്കുളം പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കുന്നു. മീനച്ചിലിൽ കേരള കോണ്ഗ്രസ് വിമതനാണ് ഭരണം.
ഉപതെരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് ദിവസമായ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ- അർധസർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.
സ്വകാര്യജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ശന്പളത്തോടുകൂടിയുള്ള അവധി നൽകണമെന്നും പൊതുഭരണവകുപ്പ് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.