പാലാ: എൽഡിഎഫിൽ കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയും യുഡിഎഫിൽ സിറ്റിംഗ് എംഎൽഎ മാണി സി. കാപ്പിനും തമ്മിൽ നിയസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടക്കുന്നതിനിടെയാണ് എൽഡിഎഫ് ഭരണത്തിലുള്ള നഗരസഭാ യോഗത്തിൽ ഇന്നലെയുണ്ടായ കൈയാങ്കളി.
ഭരണകക്ഷിയംഗങ്ങളായ ബിനു പുളിക്കക്കണ്ടവും (സിപിഎം), ബൈജു കൊല്ലംപറന്പിലും (കേരള കോണ്‍ഗ്രസ്എം) തമ്മിൽ വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പുണ്ടായ അടി മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.
ചരിത്രത്തിലാദ്യമായി പാലാ മുൻസിപ്പാലിറ്റി കേരള കോണ്‍ഗ്രസ് എം പിന്തുണയിൽ ഇടതുമുന്നണി ഭരണം പിടിച്ചതാണ്. ജോസ് കെ. മാണി എൽഡിഎഫിലെത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലാണ് ഇടതുമുന്നണി ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
ആകെയുളള 26 അംഗങ്ങളിൽ 17 സീറ്റുകൾ എൽഡിഎഫ് നേടി. കേരള കോണ്‍ഗ്രസ് എം -10, സിപിഎം-അഞ്ച്, സിപിഐ- ഒന്ന്, എൻസിപി- ഒന്ന് എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷിനില. യുഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് അഞ്ചും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മൂന്നും.
ഒരു സ്വതന്ത്രനും വിജയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ ആന്‍േറാ ജോസ് പടിഞ്ഞാറേക്കരയാണ് ചെയർമാൻ. മുനിസിപ്പൽ സ്റ്റേഡിയത്തിനു മുന്നിലെ ഗേറ്റ് തുറന്നുകൊടുത്തതും കൊട്ടാരമറ്റത്ത് പുതിയ ഓട്ടോസ്റ്റാൻഡ് തുറന്നതും നഗരത്തിലെ പ്രമുഖ സിനിമാ തിയറ്ററിലെ നികുതി കുടിശികയ്ക്ക് നോട്ടീസ് നൽകിയതും ഉൾപ്പെടെ കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇതിനിടെയാണ് ബിനു പുളിക്കക്കണ്ടവും ബൈജു കൊല്ലംപറന്പിലും തമ്മിലുണ്ടായ അടിയും നിലവിളിയും.
ഇന്നലെ കൗണ്‍സിൽ യോഗത്തിനു മുന്‍പും ഇരുവരും തമ്മിൽ വാക്കേറ്റവും വെല്ലുവിളിയുമുണ്ടായിരുന്നു. ബിനു പുളിക്കക്കണ്ടം കോണ്‍ഗ്രസിന്റെ ജില്ലാ ഭാരവാഹിയായിരുന്നു കോണ്‍ഗ്രസുമായി അകന്ന സ്വതന്ത്രനായി വിജയിച്ച് രണ്ടു തവണ കൗണ്‍സിലറായി രണ്ടു വർഷം മുന്‍പ് ബിജെപിയിലെത്തി നിയോജകമണ്ഡലം പ്രസിഡന്റായി.
പിന്നീട് നഗരസഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിലെത്തി പാർട്ടി ചിഹ്നത്തിൽ കൗണ്‍സിലറായി. ഇത്തവണ കേരള കോണ്‍ഗ്രസ് എമ്മിൽ കൗണ്‍സിലറായ ബൈജും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇന്നലെ യോഗത്തിൽ ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം സിപിഎം കൗണ്‍സിലർ ഉന്നയിക്കുകയും എതിർത്തു കേരള കോണ്‍ഗ്രസ് എം അംഗങ്ങൾ രംഗത്തെത്തിറങ്ങിയതോടെയാണ് തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കൈയാങ്കളിയുമുണ്ടായത്.
കുഴപ്പങ്ങൾ കൂടാതെ മുന്നോട്ടുപോയ തെരഞ്ഞെടുപ്പ് പ്രചാരണം നഗരസഭയിലെ സംഘർഷം അപവാദത്തിന് കാരണമാകാതെ ഒത്തുതീർപ്പിനുള്ള നീക്കത്തിനാണ് നേതാക്കളുടെ ശ്രമം.