ജിബിൻ കുര്യൻ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെയും ചെയർമാൻ ജോസ് കെ. മാണിയുടെയും നിർദേശത്തിനു മുന്നിൽ സിപിഎം മുട്ടുമടക്കിയതോടെ പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ഏക കൗണ്‍സിലർ ബിനു പുളിക്കകണ്ടത്തിനെ തഴഞ്ഞ് സിപിഎമ്മിന്റെ സ്വതന്ത്രാംഗം ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കി പ്രഖ്യാപിച്ചു.
സിപിഎം പാലാ ഏരിയാ കമ്മറ്റി ഓഫീസിൽ ഇന്നു രാവിലെ ചേർന്ന സിപിഎം ഏരിയാ കമ്മറ്റി യോഗവും തുടർന്നു ചേർന്ന നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗവുമാണ് ജോസിൻ ബിനോയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
രാവിലെ നടന്ന സിപിഎം ഏരിയാ കമ്മറ്റി യോഗത്തിൽ ബിനുപുളിക്കകണ്ടത്തിന്റെ പേരിനായി ഏരിയാ കമ്മറ്റി ഒന്നടങ്കം ശബ്ദമുയർത്തിയെങ്കിലും ജോസ് കെ. മാണിയെ പിണക്കി ബിനുവിന സ്ഥാനാർഥിയാക്കിയാൽ അതു മുന്നണി ബന്ധത്തെ ബാധിക്കുമെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗംങ്ങൾ യോഗത്തിൽ അറിയിച്ചു.
ഒടുവിൽ സംസ്ഥാന കമ്മറ്റിയുടെ നിർദേശം കൂടി പരിഗണിച്ചാണ് സ്വതന്ത്രാംഗമായ ജോസിൻ ബിനോയെ സ്ഥാനാർഥിയാക്കിയത്.പാലായിലെ സിപിഎം അണികളിൽ വ്യാപക പ്രതിഷേധമുണ്ടെന്നും ജോസ് കെ. മാണിക്കു മുന്പിൽ കീഴടങ്ങുന്നത് തെറ്റായ സന്ദേശം അണികളിലുണ്ടാക്കുമെന്നും ഏരിയാ കമ്മറ്റിയംഗങ്ങൾ പറഞ്ഞു.
എന്നാൽ മുന്നണി സംവിധാനത്തിന് യാതൊരു പോറലും വരുത്തരുതെന്നാണ് നേതാക്കൾ നിർദേശിച്ചത്. സംസ്ഥാന കമ്മറ്റിയുടെയും ഇന്നലെ രാത്രി ജില്ലാ സെക്രട്ടറി എ.വി. റസൽ ഉൾപ്പെടെയുള്ളവർ ബംഗളൂരുവിലെ സിഐടിയു സമ്മേളത്തിനിടയിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയറ്റ് യോഗത്തിന്റെയും തീരുമാനം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം. രാധാകൃഷ്ണൻ ഏരിയാ കമ്മറ്റിയിൽ അറിയിച്ചു. ഈ തീരുമാനം ഏരിയാ കമ്മറ്റി നടപ്പാക്കുകയായിരുന്നു.
ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ്, ജി്ല്ലാ കമ്മറ്റിയംഗം സജേഷ് ശശി, ഏരിയാ സെക്രട്ടറി പി.എം.ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൽഡിഎഫ് നഗരസഭ പാർലമെന്ററി പാർട്ടി യോഗത്തിനു ശേഷം നഗരസഭ ഹാളിലെത്തിയ ജോസിൻ ബിനോ ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി പത്രിക നൽകി. തുടർന്നു 11ന് തെരഞ്ഞെടുപ്പ് നടന്നു.
കറുത്ത വസ്ത്രമണിഞ്ഞ് ബിനു കൗൺസിൽ ഹാളിൽ
ചെയർമാൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കറുത്ത ഷർട്ടിട്ടാണ് ബിനുപുളിക്കകണ്ടം കൗൺസിൽ ഹാളിലെത്തിയത്. വോട്ടിംഗിനു ശേഷം പ്രതികരിക്കാമെന്നും ബിനു രാഷ്ട്രദീപികയോടു പറഞ്ഞു.
കറുത്ത ഷർട്ടാണ് കൈയിൽ കിട്ടിയത് അതു ധരിക്കുകയായിരുന്നു. കറുത്ത ഷർട്ട് ധരിക്കുന്നതിൽ പാർട്ടിക്ക് എതിർപ്പില്ല, പ്രതിഷേധ സൂചകമായിട്ടല്ല കറുത്ത ഷർട്ട് ധരിച്ചത്. തെരഞ്ഞെടുപ്പിനുശേഷം ജോസ് കെ. മാണിക്ക് തുറന്ന കത്ത് നൽകുമെന്നും ബിനു പുളിക്കകണ്ടം പരഞ്ഞു.
പിടിച്ചിടത്തു കെട്ടി ജോസ് കെ. മാണി
കഴിഞ്ഞ ഓരാഴ്ചയായി പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചകൾ നടന്നുവരികയായിരുന്നു. ഒടുവിൽ വിജയം കേരള കോൺഗ്രസ് എമ്മിനും പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കും.
ഇടതുമുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനോടു പൊരുതി നേടിയ ഈ വിജയത്തിന് മധുരമേറെയാണെങ്കിലും മുന്നോട്ടുള്ള യാത്രയെ ഇതെങ്ങനെ ബാധിക്കുമെന്നു കണ്ടുതന്നെ അറിയണം.
സിപിഎം-കേരള കോണ്‍ഗ്രസ്-എം തർക്കത്തിനപ്പുറം പാലായിലിത് ജോസ് കെ. മാണി -ബിനു പുളിക്കകണ്ടം തർക്കമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ തനിക്കെതിരേ നീക്കം നടത്തിയ ആൾ എന്ന നിലയിലാണ് ബിനു ചെയർമാൻ ആകുന്നത് തടയാൻ ജോസ് കെ. മാണി മുന്നിട്ടിറങ്ങിയത്.
അതിൽ ജോസ് കെ. മാണി വിജയം കാണുകയും ചെയ്തു. അതേസമയം വരും കാലങ്ങളിൽ പോരാട്ടം തുടരുമെന്ന നിലപാടിലാണ് ബിനു പുളിക്കകണ്ടമെന്നറിയുന്നു.നഗരസഭ ചെയർമാനായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ കാലാവധി അവസാനിക്കാറായപ്പോൾ മുതൽ അടുത്ത ചെയർമാനെക്കുറിച്ച് വിവാദമുയർന്നിരുന്നു.
ആദ്യം ആന്റോ ജോസ് പടിഞ്ഞാറേക്കര സ്ഥാനമൊഴിയില്ലെന്ന വിവാദമാണ് ഉയർന്നത്. തുടർന്ന് സിപിഎമ്മിന്റെ ഏക കൗണ്‍സിൽ അംഗം ബിനുവിനെ ചെയർമാൻ ആക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ തീരുമാനം വന്നു.ഇതിനിടയിൽ എൽഡിഎഫ് അംഗങ്ങൾക്കിടയിൽനിന്നു ബിനു പുളിക്കകണ്ടത്തിനു അനുകൂലമായും ജോസ് കെ. മാണിക്ക് എതിരായും ശക്തമായ പ്രചാരണം നടന്നു.
ഒടുവിൽ തന്നെ വിഷയത്തിൽ വലിച്ചിഴയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനു ജോസ് കെ. മാണിക്ക് കത്തു നൽകേണ്ടിവരെ വന്നു. ഇതിനെത്തുടർന്നാണ് സിപിഎം സംസ്ഥാന നേതൃത്വം ജില്ലാ- പ്രാദേശിക നേതൃത്വത്തിനു ജോസ് കെ. മാണിക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്ന നിർദേശവും നൽകി.
ബിനു പുളിക്കകണ്ടനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിലെ കുറിപ്പുകൾ സിപിഎമ്മിനും എൽഡിഎഫിനും ചേർന്നതല്ലെന്നും വലതുപക്ഷ നേതാക്കളുമായി വല്ലാത്ത അടുപ്പമാണെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ പ്രധാന വിമർശനം.
കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് എതിരായി ബിനു പുളിക്കകണ്ടം പ്രവർത്തിച്ചതിനാൽ ഇദ്ദേഹത്തെ ചെയർമാനായി അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.കേരള കോണ്‍ഗ്രസ് എം കൗണ്‍സിലർ ബൈജു കൊല്ലംപറന്പിലുമായി നഗരസഭ കൗണ്‍സിലിലുണ്ടായ സംഘട്ടനവും പരാതിയായി കേരള കോണ്‍ഗ്രസ് എം ഉന്നയിച്ചു. ഇതോടെയാണ് സിപിഎം ബിനുവിനെ കൈവിട്ടത്.
വൈസ് ചെയർപേഴ്സണ്‍ സിജി പ്രസാദിനെ പരിഗണിച്ചെങ്കിലും വൈസ് ചെയർപേഴ്സണും ഇപ്പോൾ ആക്ടിംഗ് ചെയർമാൻസ്ഥാനം വഹിക്കുന്നയാളുമായ സിജി രാജിവച്ച് ചെയർമാനാകുന്നത് പാർട്ടിക്ക് യോജിച്ചതല്ലെന്നും സിപിഎം നേതൃത്വം തീരുമാനിക്കുകയായിരുന്നു.
ഇതോടെയാണ് മൂന്നാമതൊരാളിലേക്ക് ചർച്ച മാറിയത്. സിപിഎം സ്വതന്ത്ര അംഗങ്ങളായ ബിന്ദു മനു, ജോസിൻ ബിനോ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം ലഭിച്ചത്. ബിന്ദു 11-ാം വാർഡ് ചെത്തിമറ്റത്തു നിന്നുള്ള അംഗമാണ് രണ്ടാം വാർഡ് കൗണ്‍സിലറാണ് ജോസിൻ.
സ്വതന്ത്ര അംഗമാണെങ്കിലും പാർട്ടിയുമായി കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്നയാളാണ് ജോസിൻ. ബിനു പുളിക്കകണ്ടം ഉൾപ്പെടെ ആറംഗങ്ങളാണ് നഗരസഭയിൽ സിപിഎമ്മിനുള്ളത്.
പാലാ സിപിഎമ്മിൽപ്രതിഷേധം, അമർഷം
ചരിത്രത്തിൽ ആദ്യമായി പാലാ നഗരസഭയിൽ കിട്ടിയ ചെയർമാൻ സ്ഥാനം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥിക്കു നൽകാതെ ജോസ് കെ. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും തീരുമാനത്തിനു വഴങ്ങി സ്വതന്ത്രാംഗത്തിനു നൽകിയതിനെതിരെ പാലായിലെ സിപിഎമ്മിൽ പ്രതിഷേധം ശക്തം.
ബിനു പുളിക്കകണ്ടം പ്രതിധാനം ചെയ്യുന്ന പാല പുരയിടം വാർഡ് ഉൾപ്പെടുന്ന ബ്രാഞ്ച് കമ്മറ്റികളും പാലാ ലോക്കൽ കമ്മറ്റിയും ശക്തമായ പ്രതിഷേധത്തിലാണ്.പല സ്ഥലങ്ങളിലും കേരള കോണ്‍ഗ്രസ് എമ്മിനെതിരേ പ്രകടനം വരെ നടത്താൻ അണികൾ രംഗത്ത് എത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസിന്റെ തീരുമാനത്തിനു മുന്പിൽ മുട്ടുമടക്കിയ സിപിഎം നിലപാടിൽ സിപിഐയ്ക്കും അമർഷമുണ്ട്. മുന്നണിയിൽ തെറ്റായ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കുമെന്നാണ് സിപിഐയുടെ തീരുമാനം. വരും ദിവസങ്ങളിൽ പാലായിൽ സിപിഎമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യത.