പാലാ: പന്പ് ഹൗസിന്റെ സ്ലാബ് തകർന്ന് കിണറ്റിൽ വീണു മരിച്ച ജീവനക്കാരന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്. മരണത്തിൽ ദുരൂഹഹതയുണ്ടെന്നു കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകി.
മീനച്ചിൽ കടയം ശാസ്താസദനം രാജേഷ് (42) ആണ് ഇന്നലെ രാവിലെ ദാരുണമായി മരിച്ചത്. കിടങ്ങൂർ കാവാലിപ്പുഴ കുടിവെള്ള പദ്ധതിയുടെ പന്പ് ഹൗസിൽ ഇന്നലെ രാവിലെ എട്ടിനാണ് അപകടം നടന്നത്.
പന്പ് ഹൗസിലെ പ്രവർത്തനങ്ങൾക്കായി എത്തിയ രാജേഷ് മീറ്ററിനു സമീപമുള്ള മാൻഹോളിൽ ചവിട്ടിയതോടെ സ്ലാബ് തകർന്ന് 15 അടിയോളം താഴ്ചയുള്ള പന്പ് ഹൗസിന്റെ കിണറ്റിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ടു നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം അസാധ്യമായിരുന്നു.
രണ്ടരയടി മാത്രം വീതിയുള്ള മാൻഹോളിലൂടെ കിണറ്റിലേക്കു ഇറങ്ങാൻ നാട്ടുകാർക്കായില്ല. കൂടാതെ കിണറ്റിൽ വായു സഞ്ചാരമില്ല. കൂരിരുട്ടും തടസമായി. ഉടൻതന്നെ പാലായിൽ നിന്നു ഫയർഫോഴ്സും കിടങ്ങൂർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കിണറ്റിലിറങ്ങാൻ സാധിച്ചില്ല.
തുടർന്ന് കോട്ടയത്തെ സ്കൂബാ ഡ്രൈവ് ടീമിനെ വിവരമറിയിച്ചു. ടീമെത്തി 9.15ഓടെയാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്. വായുസഞ്ചാരമില്ലാത്ത കിണറ്റിൽ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്കൂബാ ടീം ഇറങ്ങിയത്. ഏറെ പണിപ്പെട്ട് വലയിൽ കെട്ടിയാണ് പുറത്തെത്തിച്ചത്.
വൈദ്യുതിയുടെ അളവ് പരിശോധിച്ച് രേഖപ്പെടുത്തുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. രണ്ടു മാസം മുന്പാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രാജേഷിന് താത്കാലിക നിയമനം ലഭിച്ചത്. രണ്ടു ജീവനക്കാരാണ് പന്പ് ഹൗസിലുള്ളത്. മാറി മാറിയാണ് ഡ്യൂട്ടി ചെയ്യുന്നത്.
ജില്ലയിലെ തന്നെ കാലപ്പഴക്കം ചെന്ന പദ്ധതികളിലൊന്നാണ് കാവാലിപ്പുഴ കുടിവെള്ള പദ്ധതി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ജീവനക്കാർക്കില്ല. മാൻഹോളിന്റെയും സ്ലാബിന്റെയും പന്പ് ഹൗസിന്റെ ശോച്യാവസ്ഥ പഞ്ചായത്തിലും വകുപ്പിലും പല തവണ അറിയിച്ചിട്ടും നടപടിയായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പന്പ് ഹൗസിലെ സിമന്റ് വിണ്ടുകീറി പലയിടങ്ങളിലും അപകടാവസ്ഥയിലാണ്.ഭാര്യ ഷൈബി. രാമപുരം നെല്ലിയാനിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: അമൃത ലക്ഷമി (6), ആരാധ്യ ലക്ഷമി (ഒന്ന്). സംസ്കാരം കടയത്തെ വീട്ടുവളപ്പിൽ നടക്കും.