കോട്ടയം: കേരളം ഉറ്റുനോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി മൂന്നു മുന്നണികളും പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന്റെ ആവേശത്തിലാണു കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും. ഇടതു മുന്നണിയാകട്ടെ മന്ത്രിമാരെ ഉൾപ്പെടെ കളത്തിലിറക്കിയാണു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിലുണ്ടായ വർധനവാണ് എൻഡിഎ ക്യാന്പിനെ ആവേശഭരിതമാക്കുന്നത്.
കോണ്‍ഗ്രസിന്റെയും കേരള കോണ്‍ഗ്രസിന്റെ ജില്ലാ നേതാക്കൾ പങ്കെടുത്ത യുഡിഎഫ് നേതൃയോഗം കഴിഞ്ഞ ദിവസം ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ഇടതുമുന്നണി സർവ തന്ത്രങ്ങളും പ്രയോഗിക്കുമെന്നും 20 മന്ത്രിമാരും പാലായിലെത്തുമെന്നും വീടുകൾ കയറി പ്രചാരണം നടത്തുമെന്നും അതിനാൽ കരുതലോടെയുള്ള പ്രവർത്തനം യുഡിഎഫ് നടത്തണമെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.
വോട്ടർപട്ടികയിൽ പരമാവധി ആളുകളെ ചേർക്കുന്നതിനും ബൂത്തുതലത്തിലുളള കമ്മിറ്റികൾ ശക്തിപ്പെടുത്താനും നേതാക്കൾക്ക് യോഗം ചുമതലയും നൽകി. നാളെ മുതൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ യുഡിഎഫ് നേതൃയോഗങ്ങളും ചേരുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് ഓശാന മൗണ്ടിൽ ചേർന്ന കോണ്‍ഗ്രസ് ജില്ലാ ക്യാന്പ് ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്തിരുന്നു.
കഴിഞ്ഞദിവസം നെല്ലിയാനിയിൽ ജോസ് കെ. മാണിയുടെ സാന്നിധ്യത്തിൽ ചേർന്ന കേരള കോണ്‍ഗ്രസ് എം മണ്ഡലം കണ്‍വൻഷനും ഉപതെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കെ.എം. മാണിയുടെ വികസനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം കാരുണ്യ പദ്ധതി നിർത്തലാക്കിയതിനെതിരെ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
പാലായിൽ സർവ അടവുകളും പയറ്റി മത്സരരംഗത്തിറങ്ങാനാണ് എൽഡിഎഫ് തീരുമാനം. ഘടകകക്ഷിയായ എൻസിപിക്കു തന്നെ സീറ്റു ലഭിക്കുമെങ്കിലും സിപിഎമ്മാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ ബൂത്ത് സെക്രട്ടറിമാർക്കുള്ള ശില്പശാല 15ന് അരുണാപുരം സണ്‍സ്റ്റാർ കണ്വൻഷൻ സെന്ററിൽ നടക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ശിൽപശാല ഉദ്ഘാടനം ചെയ്യുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും വൈക്കം വിശ്വൻ, മന്ത്രി എം.എം. മണി എന്നിവർക്കാണു മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് സെക്രട്ടറിയായി സിപിഎം മണ്ഡലം കമ്മിറ്റി രൂപീകരിച്ച് ഒരു മാസം മുന്‍പേ പ്രവർത്തനം തുടങ്ങിയിരുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങൾക്കും ഓരോ പഞ്ചായത്തിന്റെയും ചുമതല നൽകിയിട്ടുണ്ട്.ജനറൽആശുപത്രി പുതിയ മന്ദിരം, റിംഗ് റോഡ് എന്നിവ ഉൾപ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വിപുലമായ രീതിയിൽ സർക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് നടത്തും.
വിവിധ വകുപ്പുകളുടെ പൂർത്തിയാകാതെ കിടക്കുന്ന വികസന പദ്ധതികൾ പൂർത്തിയാക്കുവാനായി മന്ത്രിമാരെ കാണുന്നതിനായി എൽഡിഎഫ് സംഘം അടുത്തയാഴ്ച തിരുവനന്തപുരത്തിനു പുറപ്പെടും. മണ്ഡലം, ബൂത്ത് തലത്തിലുള്ള എൽഡിഎഫ് യോഗങ്ങൾക്കും അടുത്തയാഴ്ച തുടക്കമാകും. പോഷക സംഘടനകളുടെ നേതൃത്വത്തിലും പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.
ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് പാലായിൽ യുവജനറാലി സംഘടിപ്പിക്കുന്നുണ്ട്. എൻസിപി യുവജന വിഭാഗത്തിന്റെ സമ്മേളനവും ഓഗസ്റ്റ് ഒന്പതിനു പാലായിൽ സംഘടിപ്പിച്ചിട്ടുണ്ട്. എൻസിപിയിലെ വിഭാഗീയ പ്രശ്നങ്ങൾ എൽഡിഎഫിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. എൽഡിഎഫിന്റെ ജില്ലാ നേതൃയോഗം ചേർന്ന് എൻസിപിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് പാർട്ടിനേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപിയും പ്രചാരണ പ്രവർത്തനങ്ങളുമായി മുന്‍പിലാണ്. എൻഡിഎ മുന്നണിയായുള്ള കമ്മിറ്റികൾ അടുത്തയാഴ്ച തുടങ്ങും. ബിജെപിയുടെ ബൂത്തുതലത്തിൽ നടത്തുന്ന അംഗത്വവിതരണ പരിപാടി തെരഞ്ഞടുപ്പു പ്രചാരണ പ്രവർത്തനങ്ങളുടെ തുടക്കമായിട്ടാണു പാർട്ടി നടത്തുന്നത്. സംസ്ഥാന നേതൃത്വത്തിൽനിന്നും പാലാ മണ്ഡലത്തിന്റെ ചുമതല നൽകിയിരിക്കുന്ന സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ അടുത്തയാഴ്ച പാലായിലെത്തുകയും ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. സീറ്റ് നോട്ടമിട്ടിരിക്കുന്ന കേരള ജനപക്ഷം പഞ്ചായത്തുതലത്തിൽ നേതൃയോഗങ്ങൾ ചേരുന്നുണ്ട്.