പാലാ: ക്രിസ്മസ് രാത്രിയിൽ പാലായിലുണ്ടായ അപകടത്തിൽ മരിച്ചതാര്? മരിച്ചെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു സെമിത്തേരിയിൽ സംസ്കരിച്ച പന്തളം സ്വദേശിയായ യുവാവ് തിരികെ വീട്ടിലെത്തിയതോടെ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.
പാലാ പോലീസ് സ്റ്റേഷൻ പരിതിയിൽ ഇടപ്പാടിയിൽ കഴിഞ്ഞ ഡിസംബർ 24ന് രാത്രിയിലാണ് അപകടമുണ്ടായത്. പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
ഇടപ്പാടിയിൽനിന്നു ഭരണങ്ങാനം ഭാഗത്തേക്ക് പോകുന്ന ഉൾപ്രദേശ റോഡായ കോട്ട വഴിയിലാണ് അപകടം നടന്നത്.
അയ്യന്പാറ സ്വദേശി ശരത്തിന്റെ ഓൾട്ടോ കാറാണ് അപകടത്തിനിടയാക്കിയത്. റോഡിൽ കിടക്കുകയായിരുന്ന ആളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നെന്നും വളവും കയറ്റവുമായതിനാൽ ഇരുട്ടത്ത് റോഡിൽ കിടന്നയാളെ കാണാൻ കഴിഞ്ഞില്ലെന്നുമാണ് കാറുടമ അന്നു മൊഴി നൽകിയിരുന്നത്.
ശരത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ അപകടത്തിൽ മരിച്ചയാൾ ആരെന്നതും അജ്ഞാതനായ ആൾ എങ്ങനെ അവിടെയെത്തിയെന്നതും പോലീസിനെ വലയ്ക്കുന്നു.
രാത്രി 12നു പള്ളിയിൽ പോകാനെത്തിയവരാണ് യുവാവ് വാഹനമിടിച്ചു കിടക്കുന്ന വിവരം പോലീസിൽ അറിയിച്ചത്.
തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി മേൽനടപടി സ്വീകരിക്കുകയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയും ചെയ്തു.
അന്നു തന്നെ മരണം ആളുകളിൽ വളരെ സംശയം ജനിപ്പിച്ചിരുന്നു. അപകടത്തിൽപ്പെട്ടു കിടന്നയാളുടെ ഉടുമുണ്ട് കണ്ടെത്താനായില്ലെന്നും ഷർട്ട് മാത്രമാണ് ധരിച്ചിരുന്നതെന്നും അന്നു നാട്ടുകാർ മൊഴി നൽകിയിരുന്നു.
അജ്ഞാത മൃതദേഹമെന്ന രീതിയിൽ വാട്സ്ആപിലും പത്രങ്ങൾ വഴിയും മരിച്ചയാളുടെ വാർത്തകൾ പരന്നതോടെ പന്തളത്തു നിന്ന് ആളുകൾ പാലാ പോലീസിൽ ബന്ധപ്പെട്ട് മരിച്ചത് സാബുവാണെന്ന് അറിയിക്കുകയായിരുന്നു.
പോലീസ് സാബുവിന്റെ വീട്ടുകാരെ വിവരം അറിയിക്കുകയും തുടർന്ന് 26ന് സാബുവിന്റെ സഹോദരൻ സജിയും അമ്മയും ബന്ധുക്കളും കോട്ടയം മെഡിക്കൽ കോളജിലെത്തി മൃതദേഹം സാബുവിന്റേതെന്നു തിരിച്ചറിയുകയുമായിരുന്നു.
മാതാവും സഹോദനും തിരിച്ചറിഞ്ഞതോടെ മൃതദേഹം പോലീസ് വിട്ടുനൽകി. മൃതദേഹത്തിൽ നിന്ന് പോലീസ് ഡിഎൻഎ ശേഖരിച്ചിരുന്നു.
കേസിൽ പുതിയ വഴിത്തിരിവ് സംഭവിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ മിസിംഗ് കേസുകൾ അന്വേഷിക്കുമെന്നും മരിച്ചയാൾ എത്തിപ്പെടാനുള്ള സാഹചര്യം വിശദമായി അന്വേഷിക്കുമെന്നും പാലാ എസ്എച്ച്ഒ സിനിൽ തോമസ് പറഞ്ഞു.