പാലാ: നവകേരള സദസിനു പാലായില്‍ സിന്തറ്റിക് ട്രാക് വിട്ടു നല്‍കുന്നതിനെതിരെ പ്രതിഷേധം ശക്തം. ഇന്നലെ സ്റ്റേഡിയത്തിനു മുമ്പില്‍ യുഡിഎഫ് പ്രതിഷേധം നടത്തി.
പിണറായി വിജയന് ഇപ്പോള്‍ നടത്തുന്നത് നവകേരള യാത്രയല്ല കേരള നശീകരണ യാത്രയാണെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ പറഞ്ഞു.
പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ പന്തല്‍ കെട്ടുന്നത് പാലായിലെയും കേരളത്തിലെയും സ്പോര്‍ട്സ് പ്രേമികളുടെ നെഞ്ചത്ത് കത്തിയിറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 20 കോടിയില്‍ അധികം രൂപ മുടക്കി പുനരുജ്ജീവിപ്പിച്ച സ്റ്റേഡിയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ നവകേരള മാമാങ്കം നടത്തി നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രഹസനമെന്ന് ചെയര്‍പേഴ്സണ്‍
പാലാ: നവകേരള സദസിന് സ്റ്റേഡിയം വിട്ടുനല്‍കിയതിനെതിരെ യു ഡി എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് വെറും പ്രഹസനം മാത്രമാണന്ന് ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയും സ്റ്റേഡിയത്തിന് തകരാറുകള്‍ സംഭവിക്കില്ലയെന്ന് ഉറപ്പ് വരുത്തിയും ആണ് സ്റ്റേഡിയം നവകേരള ബഹുജന സദസ്സിന് അനുവദിച്ചിരിക്കന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഉള്ളിലുള്ള മൈതാനത്താണ് പന്തല്‍ ക്രമീകരിക്കുന്നത്. കുഴിയെടുക്കാതെ തൂണ് നാട്ടിയാണ് പന്തല്‍ നിര്‍മ്മിക്കുന്നത്. ട്രാക്കില്‍ പരവതാനി വിരിച്ച് ട്രാക്ക് സുരക്ഷിതമാക്കും.
ബഹുജന സദസ് നടക്കുന്ന ദിവസം പൊതുജനങ്ങളെ ട്രാക്കില്‍ നിര്‍ത്തുന്നത് ഒഴിവാക്കാനുള്ള വോളന്റിയേഴ്സിനെ ക്രമികരിക്കൂ.ഇത് സംബന്ധിച്ച് സ്പോര്‍ട്ട്സുമായി ബന്ധപ്പെട്ടവരെ വിളിച്ച് ചര്‍ച്ച നടത്തി ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. കൗണ്‍സിലര്‍മാരുടെ യോഗവും ചേര്‍ന്നിരുന്നതായി ചെയര്‍പേഴ്സണ്‍ പറഞ്ഞു.