പാലാ: രണ്ടാൾ കൂടുന്നിടത്ത് പാലായിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചാണ് ചർച്ച.
മേയ് രണ്ടു വരെ കാത്തിരിക്കാനുള്ള ക്ഷമയില്ലാത്തവിധം നാട്ടിൻപുറങ്ങളിലെ ചായക്കടകളിലും മുറുക്കാൻകടകളിലും പാതയോരത്തുമൊക്കെ ചർച്ച മുറുകുകയാണ്.
മുന്പൊന്നും ഇല്ലാത്തവിധമാണ് ചർച്ച മുറുകുന്നതും അവകാശവാദങ്ങൾ നിരക്കുന്നതും. ഊഹാപോഹങ്ങളും പഴയ കണക്കുകളും നിരത്തി തങ്ങളുടെ ഭാഗം വാദിക്കുകയാണ് പ്രവർത്തകർ.
യുഡിഎഫും എൽഡിഎഫും പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ തെരെഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി മുന്നണി പ്രവർത്തകരിൽ ആശങ്ക പടർന്നതായാണ് നാട്ടിൻപുറങ്ങളിൽ നടക്കുന്ന ചർച്ചകളിലെ സൂചന.
മുന്നണിമാറ്റം കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ ഫലം പ്രവചനാതീതമെന്നാണ് പറച്ചിൽ. എത്തുംപിടിയും കിട്ടാത്ത രീതിയിൽ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞിട്ടുണ്ടെന്നാണ് നാട്ടിൻപുറങ്ങളിലെ സംസാരങ്ങളിൽ നിറയുന്നത്.
യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനും എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ. മാണിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
ഭരണം തങ്ങൾക്കാണെങ്കിൽ മന്ത്രിസ്ഥാനം ഉറപ്പുള്ളവരാണ് ഇരുവരുമെന്ന പ്രത്യേകതയുമുണ്ട്. പന്ത്രണ്ടു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ അസംബ്ലി നിയോജകമണ്ഡലത്തിലുള്ളത്.
72.56 ശതമാനം പോളിംഗാണു നടന്നത്. ആകെയുള്ള 1,84,857 വോട്ടുകളിൽ 1,34,126 വോട്ടുകളാണ് പോൾ ചെയ്തത്.
ഇതിൽ തലനാട്, തലപ്പലം, ഭരണങ്ങാനം, മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, കൊഴുവനാൽ എന്നീ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ലീഡ് ചെയ്യുമെന്നും എലിക്കുളം പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം എത്തുമെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
അതേസമയം മുത്തോലി, കരൂർ, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം, രാമപുരം, കടനാട് പഞ്ചായത്തുകളിൽ തങ്ങൾ ലീഡ് നേടുകയും ഭരണങ്ങാനം, തലനാട്, തലപ്പലം, മേലുകാവ്, മൂന്നിലവ് പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും ഒപ്പത്തിനൊപ്പം മുന്നേറുമെന്നുമാണ് എൽഡിഎഫ് പ്രവർത്തകരും പ്രാദേശിക നേതാക്കളും പറയുന്നത്.
കൂടാതെ വോട്ടുഷെയർ കുറവുള്ള ചില മലയോര പഞ്ചായത്തുകളിലാണ് കാപ്പന് മേൽക്കൈയെന്നും എൽഡിഎഫ് വിലയിരുത്തലുണ്ട്.
ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെയും ഫലം വിലയിരുത്തി ഭൂരിപക്ഷം 20,000 ത്തിനു മുകളിൽ പറയുന്ന എൽഡിഎഫ് നേതാക്കളുമുണ്ട്.
എന്നാൽ പതിനയ്യായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് പ്രാദേശിക നേതൃത്വത്തിനുള്ളത്. യുഡിഎഫിൽ ഭൂരിപക്ഷം പതിനയ്യായിരം വരെയാണുള്ളത്.
എന്നാൽ അയ്യായിരത്തിൽ താഴെ ഭൂരിപക്ഷം പറയുന്ന യുഡിഎഫുകാരും ഏറെയുണ്ട്. ബിജെപി വോട്ടുകൾ വ്യാപകമായി മാണി സി. കാപ്പന് ചെയ്തതായി എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നുണ്ട്.
എന്നാൽ ബിജെപി കേന്ദ്രങ്ങൾ ഇത് നിഷേധിക്കുകയാണ്. ബിജെപിക്ക് ഇത്തവണ വോട്ട് കുറയുമെന്നു ചില നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
തന്നോടു താത്പര്യമുള്ളവർ തനിക്കു വോട്ടു ചെയ്യുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും ആരുടെയും വോട്ട് കാശു കൊടുത്തു മേടിച്ചിട്ടില്ലെന്നുമാണ് മാണി സി. കാപ്പൻ ഇതു സംബന്ധിച്ച് പറയുന്നത്.
ഭൂരിപക്ഷം സംബന്ധിച്ചോ ബിജെപി വോട്ടുകളുടെ കാര്യത്തിലോ ജോസ് കെ. മാണി ഇതു വരെ പ്രതികരിച്ചിട്ടില്ല. ജയം സുനിശ്ചിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്.