സെന്റ് തോമസ് ഹയർ സെക്കൻഡറിയിലെ ആൺകുട്ടികൾ മാത്രമുള്ള അവസാന ബാച്ച് സ്കൂളിൽനിന്നു പടിയിറങ്ങുന്നു. ഈ വർഷം പ്ലസ് വൺ ക്ലാസുകളിലേക്കു പെൺകുട്ടികൾക്കുകൂടി പ്രവേശനം നൽകുന്നതോടെ കഴിഞ്ഞ128 വർഷത്തെ സ്കൂൾ ചരിത്രമാണു മാറ്റിയെഴുതുന്നത്.
ആൺകുട്ടികൾ മാത്രമുള്ള പ്ലസ് ടു ബാച്ച് യാത്ര പറയുമ്പോൾ ഒരു യുഗത്തിന്റെയും ഒരു പാരമ്പര്യത്തിന്റെയും അവസാനമാവുകയാണ്. പത്തുവരെയുള്ള ക്ലാസുകൾ ഇപ്പോഴും ആൺകുട്ടികൾക്കു മാത്രമുള്ളതാണ്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ആത്മീയമേഖലകളിൽ ഒട്ടനവധി മഹാരഥന്മാരെ സൃഷ്ടിച്ച ഈ വിദ്യാലയ മുത്തശി 128 വർഷം പിന്നിട്ടിട്ടും ഇപ്പോഴും യൗവനയുക്തയായി തന്നെ പാലാ നഗരത്തിന്റെ ഹൃദയഭാഗത്തു തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നു.
യൂറോപ്യൻ ശില്പകലാ മാതൃകയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഹൈസ്കൂൾ കെട്ടിടത്തിന് ഏതാണ്ട് സമാനമായ രീതിയിൽ തന്നെയാണ് ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി രണ്ടുവർഷം മുമ്പ് പുതിയ ബ്ലോക്ക് നിർമിച്ചത്.
എല്ലാവിധ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹയർ സെക്കൻഡറി കെട്ടിടം പൂർത്തിയായപ്പോൾ മുതൽ പെൺകുട്ടികൾക്കു കൂടി പ്രവേശനം നൽകുന്നതിനെപ്പറ്റി സ്കൂൾ സ്റ്റാഫ് കൗൺസിലും മാനേജ്മെന്റു ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹവിദ്യാഭ്യാസം എന്ന നയം മാറ്റത്തെ കൂടുതൽ എളുപ്പമാക്കി തീർത്തു.
മികച്ച അധ്യയനം, മികവാർന്ന പഠനനിലവാരം, ഉയർന്ന വിജയശതമാനം എന്നിവയിൽ പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാനത്തെ പ്രശസ്തമായ വിദ്യാലയമാണ്. പ്രഗത്ഭരായ വ്യക്തികളുടെ പ്രഭാഷണങ്ങൾ, ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, പ്രശസ്തമായ ദേശീയ അന്തർദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും വിദ്യാർഥികളുമായുള്ള സംവാദങ്ങൾ എന്നിങ്ങനെ നിരവധി അവസരങ്ങളാണ് കഴിഞ്ഞ നാളുകളിൽ ഇവിടത്തെ വിദ്യാർഥികൾക്കു ലഭിച്ചിട്ടുള്ളത്.
മധ്യവേനൽ അവധിക്കു ശേഷം സമാഗതമാകുന്ന പുതിയ അധ്യയന വർഷത്തിൽ നവാഗതരെയും കാത്തിരിക്കുകയാണു ഇവിടം.