പാലാ: പാലാ നഗരത്തിലൂടെ കടന്നുപോകുന്ന സിനിമാ പ്രേമികള്‍ക്ക് ഒരു സങ്കടക്കാഴ്ചയുണ്ട്. കേരളത്തിലെതന്നെ ആദ്യകാലത്തെ വലിയ എസി തിയറ്ററുകളായ മഹാറാണി- യുവറാണി ട്വിന്‍ തിയറ്റര്‍ കോംപ്ലക്സ് അടഞ്ഞുകിടക്കുന്നതാണ് ദുഃഖം.
തിയറ്റര്‍ ഉടമകളായ മണര്‍കാട് എംഎംജെ ഗ്രൂപ്പ് തിയറ്റര്‍ കോംപ്ലക്സും സ്ഥലവും പാലായിലെ മറ്റൊരു ബിസിനസ് ഗ്രൂപ്പിനു വില്പന നടത്തിക്കഴിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി തിയറ്റര്‍ അടഞ്ഞുകിടക്കുന്നത്.
രണ്ടു തിയറ്ററുകളിലെയും വലിയ സ്ക്രീനില്‍ സൂപ്പര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു കൈയടിച്ച് ആര്പ്പുവിളിച്ചവരുടെയും പ്രണയഗാനങ്ങള്‍ ഏറ്റുപാടിയവരുടെയുമൊക്കെ മനസ് ഒരു നിമിഷം പഴയകാലത്തെ മനോഹര ഓര്‍മയിലേക്ക് മടങ്ങിപ്പോകും.
അതാണ് കഴിഞ്ഞ 46 വര്‍ഷമായി മഹാറാണി, യുവറാണി തിയറ്ററുകളും പാലായിലെയും സമീപ പ്രദേശങ്ങളിലെയും സിനിമാ പ്രേമികളും തമ്മിലുള്ള ആത്മബന്ധം. കൗമാരക്കാര്മുതല് വയോധികര്‍ വരെയുള്ളവരുടെ വെള്ളിത്തിരയിലെ സിനിമാ കാഴ്ചയില്‍ ഏക്കാലത്തും തലയെടുപ്പുള്ള ഓര്‍മകളാണിവ.
സൂപ്പര്‍ ഹിറ്റ് സിനിമ പോലെതന്നെ മഹാറാണി-യുവറാണി തിയറ്ററുകള്‍ പാലാക്കാരുടെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് തിയറ്ററാണ്. ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് സൂപ്പര്‍ ഹിറ്റ് സിനിമകള്‍ റീലിസ് ചെയ്യുന്ന ദിവസങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ എത്തുന്നവരുടെ ക്യൂ മെയിന്‍ റോഡ് വരെ നീളും.
മോഹന്‍ലാല്‍ നായകനായ ചിത്രവും തെലുങ്ക് സിനിമ ശങ്കരാഭരണവും മഹാറാണിയില്‍ കൂടുതല്‍ ദിവസങ്ങൾ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളാണ്. 1978 മേയിലാണ് പാലായിലെ പ്രമുഖ വ്യവസായിയായിരുന്ന ജോസഫ് മൈക്കിള്‍ എന്ന മണര്‍കാട്ട് പാപ്പന്റെ ഉടമസ്ഥതയിലുള്ള എംഎംജെ ഗ്രൂപ്പ് തിയറ്റര്‍ ആരംഭിക്കുന്നത്.
അക്കാലത്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുവരെ പാലായില്‍ സിനിമ കാണാന്‍ ആളുകള്‍ എത്തിയിരുന്നു. പാലായുടെ ദേശീയോത്സവമായ ജൂബിലി തിരുനാള്‍ കൂടാന്‍ എത്തിയിരുന്നവര്‍ മഹാറാണിയില്‍ നിന്നു സിനിമ കണ്ടു മടങ്ങുന്ന പതിവുണ്ടായിരുന്നു. ജൂബിലി തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെവരെ സ്പെഷല്‍ ഷോകളും നടത്തിയിരുന്നു.
മഹാറാണിയില്‍ ഫാമിലി ബോക്സ്, ബാല്‍ക്കണി ഫസ്റ്റ് ക്ലാസ് എന്നിവയുള്‍പ്പെടെ 1200 സീറ്റുകളും യുവറാണിയില്‍ 202 സീറ്റുകളുമാണുള്ളത്. രണ്ടു തിയറ്ററുകളിലും ടുകെ ഡോള്‍ബി സൗണ്ട് സിസ്റ്റമാണ് സ്ഥാപിച്ചിരുന്നത്.
മണര്‍കാട്ട് പാപ്പനുമായി ആത്മബന്ധമുണ്ടായിരുന്ന അന്തരിച്ച മുന്‍മന്ത്രി ബേബി ജോണായിരുന്നു ട്വിന്‍ തിയറ്റര്‍ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്. ഭരത് ഗോപി നായകനായി അഭിനയിച്ച കൊടിയേറ്റമായിരുന്നു ആദ്യ സിനിമ.
യുവറാണിയില്‍ ബൈബിള്‍ എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. മഹാറാണിയില്‍ അവസാനമായി പ്രദര്ശിപ്പച്ചതു മധുര മനോഹര മോഹം എന്ന മലയാള ചിത്രമാണ്.
യുവറാണിയില്‍ ഇംഗ്ലീഷ് ചിത്രമാണ് അവസാനമായി പ്രദര്‍ശിപ്പിച്ചത്. തിയറ്റര്‍ കോംപ്ലക്സ് വാങ്ങിയ ബിസിനസ് ഗ്രൂപ്പ് തിയറ്റര്‍ തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. പാലയിലൂടെ കടന്നുപോകുന്ന സിനിമാപ്രേമികൾക്ക് അടഞ്ഞുകിടക്കുന്ന മഹാറാണിയും യുവറാണിയും നല്‍കുന്നത് മധുരസ്മരണകളുടെ ബിഗ് സ്ക്രീൻ ആണ്.