കോട്ടയം: കനത്ത മഴ തുടരുകയും വിവിധയിടങ്ങളിൽ ഉരുൾപൊട്ടുകയും ചെയ്തതോടെ മീനിച്ചിലാർ വീണ്ടും കരകവിഞ്ഞു. പാലാ ടൗൺ വീണ്ടും വെള്ളത്തിലായി. കൊട്ടാരമറ്റം ബസ്സ്റ്റാൻഡ്, പഴയ സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, ചേർപ്പുങ്കൽ, മുത്തോലി തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി.
പാലാ-കോട്ടയം, പാലാ-ഭരണങ്ങാനം, പാലാ-തൊടുപുഴ, പാലാ-പൊൻകുന്നം തുടങ്ങിയ സുപ്രധാന റൂട്ടുകളിലെല്ലാം ഗതാഗതം പൂർണമായി സ്തംഭിച്ചു. കാലവർഷത്തിന്റെ ആദ്യ ഘട്ടത്തിലും പാലാ ടൗൺ ആകെ വെള്ളത്തിലാവുകയും മുൻപ് സൂചിപ്പിച്ച റൂട്ടുകളടക്കം വിവിധയിടങ്ങൾ വെള്ളത്തിലാവുകയും ചെയ്തിരുന്നു.
ഈ പ്രദേശങ്ങളിലൂടെയുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്നും ഇരുചക്രവാഹനങ്ങളിൽ യാതൊരു കാരണവശാലും വെള്ളപ്പൊക്ക മേഖലകളിലൂടെ യാത്ര പാടില്ലെന്നും പോലീസുൾപ്പെടെയുള്ള അധികൃതർ അറിയിച്ചിട്ടുണ്ട്.