പാലാ: ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായി മീനച്ചിലാറിന്റെയും ളാലം തോടിന്റെയും സംഗമസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ പദ്ധതി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെങ്കില്‍ കടമ്പകളേറെ.
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള 30 മീറ്റര്‍ ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ രൂപത്തില്‍ ഗ്ലാസ് മേല്ക്കൂരയോടു കൂടിയ ഭൂഗര്‍ഭ ഹാളും ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്.
തർക്കം നീളുന്നു, പരിഹാരം അകലെ
കുടിവെള്ള കണക്ഷനും വൈദ്യുതി കണക്ഷനും ഇവിടെ ലഭ്യമായിട്ടില്ല. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്കോയും കോണ്‍ട്രാക്ടറും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം നാളിതുവരെ ഉണ്ടായിട്ടില്ല.
കരാര്‍ പ്രകാരമുളള ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കിയതായി കോണ്‍ട്രാക്ടറും ഇല്ലെന്ന് കിറ്റ്കോയും പറയുന്നു. പ്രശ്നപരിഹാരത്തിനു ചര്‍ച്ച നടക്കുന്നതായാണ് അധികൃതര്‍ പറയുന്നത്.
ഇവിടെ വൈദ്യുതി, ജല കണക്ഷനുകള്‍ എടുത്തുനല്‍കിയ ശേഷം കിറ്റ്കോ വിനോദ സഞ്ചാര വകുപ്പിന് കൈമാറാതെ ഈ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാനാവില്ല.
പാലായില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ കുമരകം കവണാറ്റിന്‍കരയിലുള്ള ടൂറിസം വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ നിന്നും കാര്യങ്ങള്‍ നിയന്ത്രിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി ജില്ലാ ഓഫീസ് അധികൃതരും പറയുന്നു.
2021 ഏപ്രിലില്‍ ഗ്രീന്‍ ടൂറിസം പാലാ ഓഫീസിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഓഫീസ് പ്രവര്‍ത്തനവും പാടേ നിലച്ചു.
വിനോദ സഞ്ചാര വകുപ്പിന്റെ കോട്ടയം ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് ഈ കേന്ദ്രത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള ഇരുമ്പുപാലവും പാരീസിലെ ലവ്റെ മ്യൂസിയത്തിന്റെ രൂപത്തില്‍ ഗ്ലാസ് മേല്ക്കൂരയോടു കൂടിയ ഭൂഗര്‍ഭ ഹാളും 300 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ കോണ്‍ഫറന്‍സ് ഏരിയ, ലഘുഭക്ഷണശാല, മിനി പാര്‍ക്ക്,
സായാഹ്നസവാരിക്കായി വാക്വേ, വിശ്രമത്തിനായി ഇരിപ്പിട സൗകര്യങ്ങള്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയുള്ള മനോഹര നിര്‍മിതിയാണ് രണ്ടു വര്‍ഷം മുന്‍പ് ഇവിടെ പൂര്‍ത്തിയാക്കിയത്.
മുന്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ഈ സ്വപ്നപദ്ധതിക്കായി ടൂറിസം വകുപ്പ് അഞ്ചു കോടി രൂപയാണ് മുടക്കിയത്. ഈ കേന്ദ്രത്തില്‍ നിന്നും മീനച്ചിലാറിന്റെ മറുകരയിലേക്കു പാലവും വിഭാവനം ചെയ്തിരുന്നു.
പാലാ നഗരസഭ ടൂറിസം മന്ത്രിക്ക് നല്കിയ പരാതിയില്‍ തുടര്‍നടപടികള്‍ക്കായി ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതായി വകുപ്പ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ജോസ് കെ. മാണിയുടെ പ്രതിനിധിയായി പങ്കെടുത്ത ജയ്സണ്‍ മാന്തോട്ടത്തിന് ജില്ലാ ഭരണകൂടം നല്കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
നഗരസഭയെ ഏല്പിച്ചാല് ഈ മനോഹര നിര്‍മിതി പരിപാലിക്കാമെന്ന് നഗരസഭാ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കര പറഞ്ഞു.
അമിനിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാവണമെന്ന് ടൂറിസം മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുള്ളതായി ജോസ് കെ.മാണി എംപി പറഞ്ഞു.