എലിസബത്ത് രാജ്ഞി ജോലിക്കാരനെ തേടുന്നു. അയാള്‍ വെറും ജോലിക്കാരനുമാവരുത്. കൊട്ടാരത്തിലെ എല്ലാ വസ്തുക്കളും (പൂപ്പാത്രങ്ങളും വിലയേറിയ ചിത്രങ്ങളും പുരാവസ്തുക്കളും അടക്കം) പൊടിപിടിക്കാതെയും അഴുക്കുപറ്റാതെയും സൂക്ഷിക്കുകയെന്നതാണു പ്രധാന ജോലി.
കൊട്ടാരത്തില്‍ ചരിത്രസ്മാരകങ്ങളും ഫര്‍ണിച്ചറുകളും ചില്ലറയൊന്നുമല്ലല്ലോ ഉള്ളത്. അവയുടെ വില നിര്‍ണയിക്കുകതന്നെ അസാധ്യമെന്നാണു വിദഗ്ധര്‍ പറയുന്നത്. പലതിനും നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. അവയില്‍ ഏതെങ്കിലും ഒന്നില്‍ വീഴുന്ന ഒരു ചെറിയ പോറല്‍ പോലും അവയുടെ മൂല്യം ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ടതാണു ജോലിയെന്നര്ഥം. വെറുതെ വീട്ടുജോലിയെന്നു പറഞ്ഞ് ചെന്നിട്ടു കാര്യമില്ല.
തീര്‍ന്നില്ല, അതിഥികളെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്യണം. ഒന്നിലേറെ ഭാഷകളില്‍ പ്രാവീണ്യം അഭികാമ്യമെന്നു സാരം. കാരണം എലിസബത്ത് രാജ്ഞിയെ കാണാനെത്തുന്നവരെല്ലാം ലോക നേതാക്കളാണല്ലോ. കൊട്ടാരത്തിന്റെ വെബ്സൈറ്റില്‍ പരസ്യം ചെയ്താണ് രാജ്ഞി വേലക്കാരനെ തേടിയിരിക്കുന്നത്. സെപ്റ്റംബര്‍ 18 വരെ ജോലിക്ക് അപേക്ഷിക്കാം.