രാജസ്ഥാൻ സംസ്ഥാനം അതിന്റെ സൗന്ദര്യത്തിനും സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ടതാണ്. ഓരോ തെരുവും മുക്കും മൂലയും അവരുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. ഈ സംസ്ഥാനത്തെ ഓരോ നഗരത്തിനും പട്ടണത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ട്രെയിനുകളിലൊന്നായ പാലസ് ഓൺ വീൽസിലും ഈ അഭിമാനം പ്രകടമാണ്. പേരിന് അനുസൃതമായി ചില രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോഴിതാ പുതിയ സൗകര്യം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പാലസ് ഓൺ വീൽസ്.
രാജസ്ഥാനിലെ ടൂറിസം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച ഇന്ത്യയിലെ ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓൺ വീൽസ്. ഇത് ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും അറിയപ്പെടുന്നു.
ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ബാർ, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു. ഈ സൗകര്യങ്ങൾക്കൊപ്പം മറ്റൊരു സൗകര്യം കൂടി ലഭ്യമാകും. ട്രെയിനിൽ വെച്ച് വിവാഹം കഴിക്കാം എന്നതാണ് അത്.
ട്രെയിനിൽ വിവാഹ സൗകര്യം ഒരുക്കാൻ ട്രാവൽ കമ്പനിയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഈ സൗകര്യമുള്ള ട്രെയിൻ ജൂലൈ 20 ന് പ്രവർത്തനം ആരംഭിക്കും.