പാലാ: കോവിഡ് രോഗവും സന്പർക്കങ്ങളും തുടരുന്ന സാഹചര്യത്തിൽ പാലായിലും ഭരണങ്ങാനത്തും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ആലോചിക്കുന്നു. ഇത് സംബന്ധിച്ച നിർദേശം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സൂചന.
പ്രവിത്താനത്തെ ഓട്ടോ ഡ്രൈവർമാരുടെ സന്പർക്ക പട്ടികയിൽ 200ഓളം പേർ ഉൾപ്പെട്ടത് ആശങ്ക പരത്തുന്നുണ്ട്. ഇവരുടെ ഓട്ടോയിൽ യാത്രചെയ്തിരുന്നവരും ഇവർ കയറിയ കടകളിലെ വ്യാപാരികളും ഉൾപ്പെടെയുള്ളവരുടെ ലിസ്റ്റാണ് ആദ്യം പുറത്തു വന്നിരിക്കുന്നത്.
മീനച്ചിൽ താലൂക്കിൽ കോ വിഡ് സ്ഥിരീകരിച്ചവരിൽ നിന്നുള്ള ഏറ്റവും വലിയ സന്പർക്കപ്പട്ടികയാണ് ഇതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഒരു രോഗലക്ഷണവും കാണിക്കാതിരുന്നതിനാൽ ഇവർ കുടുംബാംഗങ്ങളുമായും അടുത്തിടപഴകി. രണ്ടുപേരുടെയും കുടുംബങ്ങളിലെ 10 പേരോട് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുകയാണ്.
കടനാട് പഞ്ചായത്തിലും ഭരണങ്ങാനം പഞ്ചായത്തിലും കോവിഡ് രോഗികളുടെ വീടും പരിസരവും ഇന്നലെ ശുചീകരിച്ചു. വരുംദിവസങ്ങളിലും ശുചീകരണ പരിപാടികൾ തുടരും.
ഇതിനിടെ നഗരസഭാ ജീവനക്കാരന് കോവിഡ് പിടിപെട്ട സാഹചര്യത്തിൽ ഇദ്ദേഹവുമായി അടുത്ത് സന്പർക്കം പുലർത്തിയ നഗരസഭയിലെ ജീവനക്കാർക്കും കൗണ്‍സിലർമാർക്കും പാലാ നഗരസഭ അങ്കണത്തിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ സ്രവ പരിശോധന നടന്നു.
പ്രൈമറി സന്പർക്കത്തിലുള്ള 15 പേരോട് നഗരസഭ ഹോം ക്വാറന്റൈനിൽ പോകണമെന്ന് നിർദേശിച്ചിരുന്നു. ഇവർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് ഇന്നലെ നഗരസഭാ കാര്യാലയത്തിൽ സ്രവ പരിശോധന നടത്തിയത്.
ആകെ 64 പേരുടെ സ്രവങ്ങളാണ് പരിശോധനക്കെടുത്തത്. പ്രാഥമിക സന്പർക്കത്തിലുള്ള 15 പേരിൽ 13 പേരും പാലായിൽ പരിശോധനക്കെത്തിയിരുന്നു. രണ്ടു പേർ ക്വാറന്റൈനിൽ കഴിയുന്ന കാഞ്ഞിരപ്പള്ളിയിലെയും മാവേലിക്കരയിലേയും കേവിഡ് കെയർ സെന്ററുകളിൽ സ്രവം പരിശോധനക്ക് നൽകിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സണ്‍ മേരി ഡൊമിനിക്കിന്റെ നേതൃത്വത്തിൽ 23 കൗണ്‍സിലർമാർ സ്രവങ്ങൾ പരിശോധനക്ക് നൽകി. ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയാറാക്കിയ ക്ലിനിക്കിലാണ് പരിശോധന നടന്നത്. ജനറൽ ആശുപത്രിയിൽ പരിശോധന നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ആളുകളുമായി സന്പർക്കം ഉണ്ടാകുമെന്നതിനാലാണ് നഗരസഭയിലേക്ക് പരിശോധന മാറ്റിയത്.
തിങ്കളാഴ്ച പരിശോധനാ ഫലം ലഭിക്കും. സ്രവ പരിശോധന നടത്തേണ്ടവർക്ക് അടുത്തദിവസങ്ങളിൽ പാലാ ജനറൽ ആശുപത്രി കോവിഡ് കെയർ സെന്ററിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികാരികൾ പറഞ്ഞു.
കഴിഞ്ഞ 13ന് പുലർച്ചെയാണ് നഗരസഭാ ഓഫീസ് ജീവനക്കാരനായ 28കാരന് കോവിഡ്19 സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തിന്റെ അടുത്തിരുന്ന് ജോലിചെയ്തവർ ഉൾപ്പെടെ 15 പേരെ ഹോം ക്വാറന്റൈനിലാക്കിയിരുന്നു.
നഗരസഭാ കാര്യാലയം ഭാഗികമായി അടയ്ക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. അടുത്തദിവസങ്ങളിൽ രണ്ടുജീവനക്കാർക്ക് കോവിഡ് ലക്ഷണങ്ങൾ കാണിച്ചതോടെ ആശങ്ക പരന്നെങ്കിലും ഇരുവരുടെയും സ്രവ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
നാളെ സ്രവ പരിശോധനാ ഫലം ലഭിച്ചശേഷമായിരിക്കും നഗരസഭാ കാര്യാലയത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതു സംബന്ധിച്ച് തിരുമാനമെടുക്കുന്നത്. കഴിഞ്ഞദിവസങ്ങളിലും നഗരസഭാ ഓഫീസ് അണുവിമുക്തമാക്കിയിരുന്നു.
പ്രവിത്താനത്തെ രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവർക്ക് വിപുലമായ സന്പർക്കം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രവിത്താനം ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടാൻ തീരുമാനിച്ചതായി വ്യാപാരി വ്യവസായി നേതാക്കൾ അറിയിച്ചു. അധികൃതരുടെ അറിയിപ്പ് ഉണ്ടാകുന്ന മുറയ്ക്കേ ഇനി കടകൾ തുറക്കൂ.