വാഴക്കുളം: ക്രമാതീതമായ ഇന്ധനവില വർദ്ധനവിൽ വേറിട്ട ഒറ്റയാൾ പ്രതിഷേധം. വാഴക്കുളം പാലാട്ട് തങ്കച്ചനാണ് പ്രതിഷേധം നടത്തിയത്.
അനിയന്ത്രിതമായി ദിവസം തോറും വർദ്ധിക്കുന്ന ഇന്ധന വില എല്ലാ തരത്തിലും ജനങ്ങളെ ദുരിതപ്പെടുത്തുകയാണ് എന്ന സൂചനയോടെ കറുത്ത വസ്ത്രം ധരിച്ച് ചങ്ങലയിൽ ബന്ധിച്ചായിരുന്നു തങ്കച്ചന്റെ പ്രതിഷേധം.
പാചക വാതക സിലിണ്ടറും കൈയിലെടുത്ത് ടയർ ചക്രം ഉരുട്ടി ചങ്ങലയിട്ട കാലുകളിൽ ഏന്തി നടന്ന് വാഴക്കുളം ടൗണിലാണ് ശ്രദ്ധ ക്ഷണിക്കൽ നടത്തിയത്.
കേരള ജനതയെ ഞെക്കിക്കൊല്ലുന്ന വിലക്കയറ്റം തടയുക, മനസാക്ഷിയില്ലാത്ത ഭരണാധികാരികളിൽ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പ്ലക്കാർഡുകളും ശരീരത്തിൽ ചുറ്റിയിരുന്നു.
വാഴക്കുളം ടൗണിന്റെ കിഴക്കേ അറ്റത്ത് കാർമൽ കവല മുതൽ അഞ്ചാംമൈൽ വരെയാണ് തങ്കച്ചൻ ഒറ്റയാൾ സമരം നടത്തിയത്.