മട്ടന്നൂർ: ലോക്ക് ഡൗൺ വന്നതോടെ ദുരിതത്തിലായിരിക്കുകയാണ് മട്ടന്നൂർ അയ്യല്ലൂരിലെ പലഹാര വില്പനക്കാരനായ അറുപത്തഞ്ചുകാരൻ.
പറമ്പൻ നാണുവാണ് ജോലിക്ക് പോകാൻ കഴിയാതെ ദുരിതമനുഭവിക്കുന്നത്. മാനന്തേരി സ്വദേശിയായ നാണു അയ്യല്ലൂർ ലക്ഷ്മി അമ്മ മെമ്മോറിയൽ വായനശാലയ്ക്ക് സമീപത്തുള്ള വാടകമുറിയിലാണ് രണ്ട് വർഷത്തോളമായി താമസിക്കുന്നത്.
വാടക വീട്ടിൽ നിന്നുണ്ടാക്കുന്ന പലഹാരം തലച്ചുമടായി ഹോട്ടലുകളിലും വീടുകളിലും കൊണ്ടുപോയി വിറ്റായിരുന്നു ജീവിതം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ കഴിയാതെ വന്നതോടെ ജോലി നിർത്തുകയായിരുന്നു.
അറുപത് കഴിഞ്ഞവർ പുറത്തിറങ്ങി നടക്കാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദേശം വന്നതോടെ വില്പന നിർത്തി. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാൽ വിവിധ പ്രദേശങ്ങളിൽ വർഷങ്ങളോളം വാടകയ്ക്ക് താമസിക്കുകയായിരുന്നു നാണു.
ആധാർ കാർഡും ഇലക്ഷൻ ഐഡി കാർഡും റേഷൻ കാർഡും സ്വന്തമാക്കാൻ നാണുവിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മുപ്പത് വർഷമായി ഈ രംഗത്ത് സജീവമാണെങ്കിലും സമ്പാദ്യങ്ങളില്ല. വീട്ടിൽ നിന്ന് തന്നെ പലഹാരം ഉണ്ടാക്കി വിൽക്കുന്നുണ്ടെങ്കിലും കച്ചവടം മോശമാണെന്ന് നാണു പറയുന്നു.
ലോക്ക് ഡൗണിന് ശേഷമുള്ള നാല് മാസത്തെ വാടക നൽകാനായില്ല.സന്നദ്ധ പ്രവർത്തകർ നൽകിയ കിറ്റുകൾ കൊണ്ടാണ് ഇത്രയുംനാൾ കഴിഞ്ഞുവന്നതെന്ന് നാണു പറയുന്നു.