പാലാ: ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകളുടെ ഫലസൂചനകൾ പുറത്തുവന്നതോടെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ ഒപ്പത്തിനൊപ്പം. 15 പോസ്റ്റൽ വോട്ടുകൾ എണ്ണിയതോടെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിന് ആറ് വോട്ടും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് ആറ് വോട്ടും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. അസാധുവോട്ടുകളെ ചൊല്ലിയുള്ള തർക്കമാണ് വോട്ടെണ്ണൽ വൈകാൻ കാരണമായത്.
വോട്ടു കുറഞ്ഞേക്കുമെന്ന് സൂചന നൽകി എൻഡിഎ സ്ഥാനാർഥി
പാലാ: ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വോട്ടു കുറയാൻ സാധ്യതയുണ്ടെന്ന് സ്ഥാനാർഥി എൻ.ഹരി. വോട്ടെണ്ണൽ ദിവസം രാവിലെയാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.
ഉപതെരഞ്ഞെടുപ്പിൽ സാധാരണ കണ്ടുവരുന്ന രീതിയാണത്. ഭരണമുള്ള കക്ഷിയും പ്രബലമായ പ്രതിപക്ഷവും അണിനിരക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞ സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ട്. എങ്കിലും ശുഭപ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നതെന്നും എൻ.ഹരി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഹരി യുഡിഎഫിന് വോട്ടു മറിച്ചുവെന്ന് ബിജെപിയിൽ നിന്ന് തന്നെ നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.