തലശേരി: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന്റേതെന്ന് കരുതുന്ന വിവാദ ശബ്ദരേഖ പുറത്തുവിട്ടത് കണ്ണൂർ കാട്ടാമ്പളളി സ്വദേശി.
തീവ്ര സ്വഭാവമുള്ള ഒരു സംഘടനയിലെ സജീവ അംഗമായ യുവാവ് ഇത്തരത്തിൽ ഒരു ശബ്ദ സന്ദേശം പുറത്തുവിട്ടത് ദുരൂഹതയുളവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ ഫെബ്രുവരി 14ന് എടുത്ത സിം ഉപയോഗിച്ചാണ് യുവാവ് ഐജിയെ വിളിച്ചത്. ഐജിയുടെ ഫെയ്സ്ബുക്കിൽ പാലത്തായി കേസിലെ പ്രതിക്കെതിരേ ഭീഷണി സ്വരത്തിൽ പോസ്റ്റിട്ട യുവാവ് പിന്നീടാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
ശബ്ദ സന്ദേശം പുറത്തു വിട്ട യുവാവിനു മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഈ യുവാവുൾപ്പെടെ മുപ്പതിലേറെപ്പേർ ഐജിയുടെ ഫെയ്സ് ബുക്ക് പേജിലും പോലീസിന്റെ ഔദ്യാഗിക പേജിലും തീവ്ര സ്വഭാവമുള്ള പോസ്റ്റുകൾ ഇട്ടിരുന്നു.
ഈ സംഘത്തിന്റെ തലവനാണ് യുവാവെന്ന സംശയവും ഉയർന്നിട്ടുണ്ട്. യുവാവിന്റെ കോൾ ഡീറ്റൈൽസ് റെക്കോർഡ് പരിശോധിച്ചതിൽ നിന്ന് ഈ സംഘത്തിലെ അംഗങ്ങൾ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ചോരപുരണ്ട കത്തിയും പറങ്കിമാങ്ങയിൽ നിന്നും കശുവണ്ടി അറുത്ത് മാറ്റുന്ന ചിത്രവും ഉൾപ്പെടെ ഈ സംഘത്തിന്റെ പോസ്റ്റുകൾ അന്വേഷണ സംഘം സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചു വരികയാണ്.
ഐജിയുടെ ഫെയ്സ് ബുക്കിലെത്തിയ പ്രതികരണങ്ങൾക്ക് ഐജി മറുപടിയും നൽകിയിട്ടുണ്ട്. ഫോൺ സംസാരം സ്വകാര്യ സംഭാഷണമാണെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനം നടന്നതായും പോലീസ് കരുതുന്നു.
പിയുസിഎൽ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യാ കേസിലാണ് ഫോൺ സംഭാഷണം സ്വകാര്യതയാണെന്ന സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്ന് നിയമ വിദഗ്ദർ പറയുന്നു.
സുപ്രീം കോടതി വിധി ലംഘിച്ച യുവാവിനെതിരെ അത്തരത്തിലുള്ള നിയമ നടപടി സ്വീകരിക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. യുവാവിന്റെ പിന്നിലുള്ള മുപ്പതംഗ സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.