രാത്രി 12.30 വരെ സദാനന്ദന്‍ ഷീജയുടെ വീടിനു വെളിയില്‍ കാത്തുനിന്നു, അകത്തുകയറിയ കാമുകന്‍ കൃത്യം നിര്‍വഹിച്ചു പുറത്തിറങ്ങി, പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഷീജയൊരുക്കിയ നാടകം പൊളിഞ്ഞതിനു കാരണം മകന്റെ സുഹൃത്ത്!

പാലക്കാട് തോലന്നൂരില്‍ വൃദ്ധദമ്പതികളുടെ കൊലപാതകത്തിലെ പ്രതിയെ മണിക്കൂറുകള്‍ കൊണ്ട് പിടികൂടാന്‍ പോലീസിനെ സഹായിച്ചത് മരുമകളും പ്രതിയുടെ കാമുകനുമായ ഷീജയുടെ മകന്റെ കൂട്ടുകാരന്‍. ബുധനാഴ്ച്ച രാവിലെയാണ് തോലന്നൂരില്‍ വൃദ്ധ ദമ്പതികളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തോലന്നൂര്‍ കുന്നില്‍ വീട്ടില്‍ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍ അപ്പുവേട്ടന്‍ എന്ന സ്വാമിനാഥന്‍(75), ഭാര്യ പ്രേമകുമാരി(66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മരുമകളുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനാണ്(53) പിടിയിലായത്. പ്രതി കുറ്റസമ്മതം നടത്തിയതായാണ് സൂചന.

മങ്കരയിലെ വാടക വീട്ടില്‍ താമസക്കാരനുമായ എറണാകുളം പറവൂര്‍ മന്നം ചോപ്പട്ടി വീട്ടില്‍ സദാനന്ദന്‍ ഷീജയുമായി അടുപ്പത്തിലായിരുന്നു. ഇവര്‍ തമ്മിലുള്ള അരുതാത്ത ബന്ധം സ്വാമിനാഥന്റെ ശ്രദ്ധയില്‍ പലതവണ പെട്ടിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മകന്‍ പ്രദീപിനെ വിവരം അറിയിക്കുമെന്നും സ്വാമിനാഥന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. പ്രദീപ് ഗുജറാത്തില്‍ സൈനിക ഉദ്യോഗസ്ഥനാണ്. പ്രദീപ്–ഷീജ ദമ്പതികള്‍ക്കു 17 വയസുള്ള മകനുണ്ട്.

ഒരിക്കല്‍ ഷീജയുടെ മകന്‍ സദാനന്ദന്റെ ഫോണില്‍ ഷീജയുടെ ചിത്രങ്ങള്‍ കണ്ടിരുന്നു. ഇതാണ് ഇന്നലെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് ഷീജയെ സംശയിച്ചിരുന്നു. കൃത്രിമ ദു:ഖം നടിച്ചും ബോധക്ഷയം അഭിനയിച്ചും ഷീജ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മകന്റെ സുഹൃത്തിന്റെ പിതാവ് ഷീജയും സദാനന്ദനും തമ്മിലുള്ള ബന്ധം പോലീസിനെ അറിയിച്ചെന്നാണ് ലഭിക്കുന്ന സൂചന. ഇതാണ് ഷീജയെ കുടുക്കിയതും.

മൃഗീയമായിട്ടായിരുന്നു സ്വാമിനാഥനെയും ഭാര്യയെയും കൊലപ്പെടുത്തിയത്. തലയില്‍ ചുറ്റിക കൊണ്ടുള്ള അടിയേറ്റും വയറ്റില്‍ കുത്തേറ്റും സ്വീകരണമുറിയിലാണു സ്വാമിനാഥന്‍ മരിച്ചുകിടന്നത്. കുടല്‍മാല പുറത്തുവന്നിരുന്നു. തോര്‍ത്തുകൊണ്ടു കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ പ്രേമകുമാരിയെ കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തി. ഷീജയെ അടുക്കള ഭാഗത്തു തുണികൊണ്ടു വായ് മൂടി കൈയും കാലും ബന്ധിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെ അയല്‍വാസിയായ രാജലക്ഷ്മി പാല്‍ നല്‍കുന്നതിനായി വീട്ടിലെത്തിയപ്പോള്‍ പതിവുസ്ഥലത്തു വയ്ക്കുന്ന പാത്രം കാണാത്തതിനെതുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സമീപത്തു ഷീജയെ കെട്ടിയിട്ട നിലയിലും വീടിനകത്തെ ഹാളില്‍ സ്വാമിനാഥനെ കുത്തേറ്റ നിലയിലും സമീപത്തെ മുറിയില്‍ പ്രേമകുമാരിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയത്. സംഭവസ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു.

സംഭവദിവസം ഷീജയും സദാനന്ദനും തമ്മില്‍ മൊബൈല്‍ ഫോണില്‍ പല തവണ സംസാരിച്ചതിനും പോലീസിനു തെളിവു ലഭിച്ചു. മോഷണശ്രമമാണെന്നു വരുത്താന്‍ ഷീജയെ കെട്ടിയിട്ടു മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. ഇതു സദാനന്ദന്റെ വാടക വീട്ടില്‍ നിന്നും തലയ്ക്കടിക്കാന്‍ ഉപയോഗിച്ച ചുറ്റിക സ്വാമിനാഥന്റെ വീടിനു സമീപത്തെ പറമ്പില്‍ നിന്നും കണ്ടെത്തി. ഓഗസ്റ്റ് 31 ന് പ്രേമകുമാരി ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമയത്തു സ്വാമിനാഥനെ ഷോക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമം നടന്നിരുന്നു. പിറ്റേന്ന് ഇതേക്കുറിച്ച് കോട്ടായി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ബന്ധുക്കള്‍ പറയുന്നു. പൊതുവേ ശാന്തശീലനായിരുന്ന സ്വാമിനാഥന്‍ അമ്മത്തിരുവടി പാടശേഖര സമിതിയുടെ സെക്രട്ടറി കൂടിയായിരുന്നു.

Related posts