ഒറ്റപ്പാലം: ഒറ്റപ്പാലം നഗരത്തെ ഗതാഗതക്കുരുക്കിലാക്കുന്ന ഈസ്റ്റ് ഒറ്റപ്പാലം ഉൾപ്പെടെയുള്ള പാലങ്ങൾ നവീകരിക്കാനും പുതിയ പാലങ്ങൾ നിർമിക്കാനും പൊതുമരാമത്ത് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ഡിസൈൻ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.അനിതാകുമാരിയും സംഘവും സന്ദർശനം നടത്തി. വീതികുറവുമൂലം ഈസ്റ്റ് ഒറ്റപ്പാലത്തെയും കണ്ണിയന്പുറത്തെയും പാലങ്ങൾ നഗരത്തെ വീർപ്പുമുട്ടിക്കുകയാണ്.
രണ്ടുപാലങ്ങളിലും ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടേറെയാണ്. പാലങ്ങൾ കുലുങ്ങുന്ന സ്ഥിതിയുമുണ്ട്. വലിയ വാഹനങ്ങൾ കയറിയാൽ പാലത്തിന്റെ ഇരുവശത്തും വൻഗതാഗതക്കുരുക്കും ഉണ്ടാകും. കാലപ്പഴക്കംമൂലമുള്ള തകർച്ച ഇരുപാലങ്ങളെയും ശരിക്കും ബാധിച്ചിട്ടുണ്ട്.
കണ്ണിയന്പുറം പാലത്തിന്റെ വശങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടു. ഇരുപാലങ്ങളും എത്രയുംവേഗം വീതികൂട്ടുന്നതിന്റെ ഭാഗമായി രണ്ടിടത്തും ഓരോ പുതിയ പാലങ്ങൾകൂടി നിർമിക്കുന്നതിനും പി.ഉണ്ണി എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. പൊതുമരാമത്ത് ഡിസൈൻ വിഭാഗമാണ് ഇതിന്റെ രൂപരേഖ തയാറാക്കിയത്.
അതേസമയം ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലം നിർമിക്കുന്നതിനു രണ്ട് സ്മാരക കെട്ടിടങ്ങൾ ഉള്ളതിനാൽ ബുദ്ധിമുട്ടുണ്ടാക്കും. പുതിയ പാലം നിർമിക്കാൻ സ്ഥലം ഏറ്റെടുക്കൽ, മറ്റു നടപടികളുടെ കാര്യത്തിൽ യാതൊരു തീരുമാനവും ഉണ്ടാകാത്തതും പ്രശ്നമാണ്. സ്മാരകങ്ങൾ നിലനിർത്തി മാർക്കറ്റ് കോംപ്ലക്സ് പരിസരത്ത് പാലം നിർമിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള വഴിയും നോക്കുന്നുണ്ട്.
അതേസമയം നിലവിൽ രണ്ടുപാലങ്ങളും അറ്റകുറ്റപ്പണി നടത്തി കണ്ണിയന്പുറത്ത് ഒരുപാലം കൂടി നിർമിക്കാമെന്ന നിലപാടാണ് പിഡബ്ല്യുഡിക്കുള്ളത്. ഈസ്റ്റ് ഒറ്റപ്പാലത്ത് സ്ഥലം ഏറ്റെടുക്കൽ പ്രശ്നം നിലനില്ക്കുന്ന സാഹചര്യത്തിലാണ് ബന്ധപ്പെട്ടവർ ഇങ്ങനെ പറയുന്നത്.
എന്നാൽ ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലം നിർമിക്കാതെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയില്ല.
കണ്ണിയന്പുറം പാലത്തിനേക്കാൾ ഗതാഗതതിരക്ക് കൂടുതലുള്ളത് ഈസ്റ്റ് ഒറ്റപ്പാലം പാലത്തിലാണ്.
പാലങ്ങൾ വന്നാൽ മാത്രമേ ഒറ്റപ്പാലം നഗരത്തിൽ തിരക്ക് കുറയ്ക്കാനാകൂ.