പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ അപകടത്തിൽപ്പെട്ട കാർ അമിതവേഗതയിലായിരുന്നുവെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 10.30ഓടെ അയ്യപ്പൻകാവിനു സമീപമായിരുന്നു അപകടം.
അപകടത്തിൽ മരിച്ച അഞ്ചുപേരെയും തിരിച്ചറിഞ്ഞു. ഇന്നലെ നാലുപേരെയാണ് തിരിച്ചറിഞ്ഞത്. പാലക്കാട് തച്ചന്പാറ സ്വദേശി മഹേഷ് ആണ് മരിച്ച അഞ്ചാമത്തെയാൾ. കോങ്ങാട് സ്വദേശികളായ വിഷ്ണു, വിജീഷ്, രമേഷ്, മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ എന്നിവരാണ് മരിച്ച മറ്റു നാലുപേർ.
ലോറി ഡ്രൈവർ വിഗ്നേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്കു പോകുകയായിരുന്നു ലോറി. തെറ്റായ ദിശയിലെത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.
കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും കല്ലടിക്കോട് സിഐ എം. ഷഹീർ പറഞ്ഞു. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കും.മോട്ടോർ വാഹനവകുപ്പും പരിശോധന നടത്തും. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
അപകടത്തിൽപ്പെട്ട ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിയിലേക്ക് ഇടിച്ചുകയറിയ കാർ ഫയർഫോഴ്സും പോലീസും ചേർന്ന് ഏറെ ശ്രമകരമായാണു വലിച്ച് പുറത്തെടുത്തത്.മരിച്ച അഞ്ചുപേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നു രാവിലെയോടെ ഇൻക്വസ്റ്റിനുശേഷം നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
അയാൾ മരിച്ചത് ഞങ്ങളുടെ മടിയിൽ കിടന്ന്
പാലക്കാട്: തകർന്നുതരിപ്പണമായ കാറിൽനിന്നു പുറത്തെടുത്ത് വണ്ടിയിൽ കയറ്റി ആശുപത്രിയിലേക്കു പായുന്പോൾ അയാൾക്ക് ജീവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് അയാളെ രക്ഷിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയുമുണ്ടായിരുന്നു. പക്ഷേ വഴിമധ്യേ ഞങ്ങളുടെ മടിയിൽ കിടന്ന് അയാൾ… പറഞ്ഞത് മുഴുമിപ്പിക്കാനാകാതെ രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ നിർത്തി.
കല്ലടിക്കോട്ടുനിന്ന് പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കവേ മുണ്ടൂർ കഴിഞ്ഞാണ് ഇയാൾ മരിച്ചതെന്നും രക്ഷാപ്രവർത്തനത്തിൽ നാട്ടുകാരും ആ വഴി കടന്നുപോയ കെഎസ്ആർടിസി ബസിലെ യാത്രക്കാരുമെല്ലാം പങ്കാളികളായെന്നും ഏറെ ശ്രമകരമായാണ് കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തതെന്നും രക്ഷാപ്രവർത്തനം നടത്തിയ യുവാക്കൾ വ്യക്തമാക്കി.