പാലക്കാട്: നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഭിക്ഷാടനസംഘത്തിലെ മൂന്നുപേരെ കൂടി പാലക്കാട് ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു.
ചെന്നൈ കിഴക്ക് താന്പരം സ്വദേശി പടയപ്പ എന്ന സത്യ(27), തിരുപ്പൂർ കാദർ പേട്ട എംജിആർ കോളനി സ്വദേശിനി സുലൈഹ എന്ന ഖദീജാബീവി (40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ എന്ന കവിത (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവയിൽനിന്നാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇവരുടെ സംഘത്തിൽ രണ്ടുപേരെ കഴിഞ്ഞയാഴ്ച തിരുപ്പൂരിൽനിന്നു പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 15 നാണ് ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് നാലു വയസുകാരിയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം ബാഗിലും അരിച്ചാക്കിലുമാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളുമടങ്ങുന്ന അഞ്ചംഗസംഘം ജനുവരി ആദ്യവാരമാണു തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തുനിന്ന് നാലു വയസുകാരിയെ തട്ടിക്കൊണ്ടു പാലക്കാട്ടു വന്നത്. തുടർന്ന് ഒലവക്കോട് താണാവ് മേൽപ്പാലത്തിനടിയിൽ താമസിച്ച് ഭിക്ഷാടനം നടത്തി വരികയായിരുന്നു.
ജനുവരി 12ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ റെയിൽവേ ട്രാക്കിൽ കിടത്തി മൂന്നു സ്ത്രീകളുടെയും ഒത്താശയോടു കൂടി സുരേഷും പടയപ്പയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയം നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും ബോധം നഷ്ടപ്പെട്ട കുട്ടിയെ ഉൗരിയെടുത്ത പാന്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് മൃതദേഹം ബാഗിലാക്കി അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
റെയിൽവേ പോലീസിന്റെ സഹായത്തോടെയാണു പോലീസിനു പ്രതികളിലെത്താൻ സാധിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് ഇതുവരെയും വിവരം ലഭിച്ചില്ല. വരും ദിവസങ്ങളിൽ തമിഴ്നാട് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, ടൗണ്‍ നോർത്ത് ഇൻസ്പെക്ടർ സി. അലവി, എസ്ഐ ആർ. രാജേഷ്, എഎസ്ഐമാരായ നന്ദകുമാർ, സതീഷ് കുമാർ ക്രൈം സ്ക്വാഡ് അംഗങ്ങളായ പി.എച്ച്. നൗഷാദ്, ആർ. കിഷോർ, എം. സുനിൽ, എം.ഷിബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, എസ്. സന്തോഷ് കുമാർ, എസ്. സജീന്ദ്രൻ, ആർ. രാജീദ്, എസ്. ഷമീർ , വനിതാ എസ്സിപിഒ സുധ എന്നിവരടങ്ങിയ സംഘമാണു കേസ് അന്വേഷണം നടത്തിയത്.