പാലക്കാട്: ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ മണ്ണിൽ പുതുചരിത്രം കുറിക്കാൻ നാളെ രണ്ടു ലക്ഷത്തിനടുത്ത് വരുന്ന വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്. പാലക്കാടിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതുപോലൊരു ട്വിസ്റ്റുകൾ നിറഞ്ഞ പ്രചാരണ കാലവും തെരഞ്ഞെടുപ്പും സ്വപ്നങ്ങളിൽ മാത്രം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ ട്വിസ്റ്റുകളുടെ ഞെട്ടിപ്പിക്കലായിരുന്നു പാലക്കാട് മണ്ണിൽ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഫലം കൊണ്ട് കേരള രാഷ്ട്രീയത്തിൽ ഒരു ഭരണ മാറ്റവും സംഭവിക്കില്ലെങ്കിലും കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്താണ് നാളെ നടക്കാൻ പോകുന്നത്. ഷാഫി പറമ്പിലിലൂടെ കോൺഗ്രസ് നേടിയ പാലക്കാട് നിയമസഭാമണ്ഡലം ഷാഫി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംപി ആയതോടെ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയായിരുന്നു.
ഷാഫിയിൽ നിന്ന് പാലക്കാടിന്റെ ചെങ്കോലുംകിരീടവും രാഹുൽ മാങ്കൂട്ടത്തിലിനെ ഏൽപ്പിക്കാൻ തീരുമാനിച്ച കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് പാലക്കാട് പ്രവർത്തിച്ചത്.പിണക്കങ്ങളെല്ലാം മറന്ന് കെ. മുരളീധരൻ കൂടി പാലക്കാട് എത്തിയതോടെ കോൺഗ്രസ് ക്യാമ്പ് ആവേശത്തിലാണ്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യരുടെ സാന്നിധ്യവും പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
രാഹുലിനെ നേരിടാൻ സിപിഎം കളത്തിലിറക്കിയിരിക്കുന്നത് കോൺഗ്രസ് വിട്ട് ഇടതു ചേരിയിലേക്ക് ചേക്കേറിയ ഡോ. സരിനെയാണ്. പാലക്കാട് സീറ്റ് കോൺഗ്രസിൽനിന്നു പിടിച്ചെടുക്കുക എന്ന വലിയ ദൗത്യമാണ് സരിന്റെ മുന്നിലുള്ളത്. തന്റെ തീരുമാനം തെറ്റിയിട്ടില്ലെന്ന് സരിനും തങ്ങളുടെ തീരുമാനം ശരിയായിരുന്നു എന്ന് സിപിഎമ്മിനും തെളിയിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് തോൽവി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായി പോലും വ്യാഖ്യാനിക്കുമെന്നിരിക്കെ സരിനെ ജയിപ്പിച്ചെടുക്കുക എന്നത് പാർട്ടിയെ സംബന്ധിച്ച് ഭാരിച്ച ഉത്തരവാദിത്വമാണ്.
സന്ദീപ് വാര്യർ പാർട്ടി വിട്ടതിന്റെ ക്ഷീണം ബിജെപിക്ക് പ്രചാരണത്തിന്റെ അവസാന നാളുകളിൽ വൻ തിരിച്ചടി ആയിട്ടുണ്ടെങ്കിലും കൃഷ്ണകുമാറിന്റെ വ്യക്തിപ്രഭാവം ബിജെപി ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. മെട്രോമാൻ ഇ. ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ച പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണമാണ്. 1,94,706 വോട്ടര്‍മാരാണ് നാളെ വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര് 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര് 18-19 വയസുകാരും 780 പേര് ഭിന്നശേഷിക്കാരും നാലു പേര് ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. വോട്ടെണ്ണൽ 23ന് നടക്കും.
മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നാളെ വോട്ടെടുപ്പ്
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നാളെ വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ ഒറ്റഘട്ടമായാണു തെരഞ്ഞെടുപ്പ്. ജാർഖണ്ഡിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങൾ വിധിയെഴുതും. മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും കോൺഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി (ശരദ് പവാർ) പാർട്ടികൾ ഉൾപ്പെട്ട മഹാ വികാസ് അഘാഡിയും ഇഞ്ചോടിഞ്ചു പോരാട്ടമാണ് അരങ്ങേറുന്നത്. ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ബിജെപി മുന്നണിയുടെ ഭാഗമാണ്.
മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റിൽ മത്സരിക്കുന്നു. ശിവസേന(ഉദ്ധവ്) 95ഉം എൻസിപി(ശരദ് പവാർ) 86ഉം സീറ്റിൽ മത്സരിക്കുന്നു. ആറു സീറ്റുകൾ ചെറു പാർട്ടികൾക്കു നല്‍കിയിട്ടുണ്ട്. മഹായുതിയിലെയും മഹാ വികാസ് അഘാഡിയിലെയും വിമതർ 150 മണ്ഡലങ്ങളിൽ രംഗത്തുണ്ട്.
ജാർഖണ്ഡിൽ ഒന്നാം ഘട്ടത്തിൽ 43 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നു. ബിജെപി സഖ്യവും ജെഎംഎം-കോൺഗ്രസ് സഖ്യവും തമ്മിൽ ശക്തമായ പോരാട്ടമാണു ജാർഖണ്ഡിൽ നടക്കുന്നത്.
.