വടക്കഞ്ചേരി: ഒരു ഞെട്ടിയിൽ 18 ചക്ക. ചിറ്റടി കിഴക്കേപറന്പിൽ ജോസിന്റെ വീട്ടുവളപ്പിലെ നാടൻവരിക്ക പ്ലാവിലാണ് ഈ കൗതുകം. പ്ലാവിൽ ഒറ്റയ്ക്ക് നില്ക്കുന്ന ചക്കകളില്ല. എല്ലാം കൂട്ടമായാണ് നില്ക്കുന്നത്.
അഞ്ചുവർഷം മാത്രം പ്രായമുള്ള ചെറിയ പ്ലാവാണ്. പക്ഷെ, ചെറിയ കന്പുകളിൽപോലുമുണ്ട് ചക്കയുടെ സമൃദ്ധി.ചക്കകൾക്കെല്ലാം സാമാന്യം വലിപ്പവുമുണ്ട്. അധികം സ്ഥലത്ത് പന്തലിച്ച് മറ്റുവിളകൾക്ക് ശല്യം ചെയ്യാതെയാണ് പ്ലാവിന്റെ നില്പ്. ചക്കയ്ക്ക് അതിമധുരമാണെന്നാണ് ജോസ് പറയുന്നത്. കഴിഞ്ഞവർഷം മുതലാണ് ചക്ക കൂടുതലായി ഉണ്ടാകാൻ തുടങ്ങിയത്. എന്നാൽ ചെറിയ പ്ലാവിൽനിന്നും ഇത്രയും വിളവു പ്രതീക്ഷിച്ചില്ല.
മലയോരത്തുനിന്നും കൊണ്ടുവന്ന ചക്കയുടെ കുരുമുളപ്പിച്ച് തൈവച്ചതായിരുന്നു. സീസണിന്റെ തുടക്കത്തിൽ തന്നെ ചക്കയുണ്ടാകും. ഇപ്പോൾ ഏതാനും ചക്കമൂത്ത് പാകമായി.