ചിറ്റൂർ: പെരുമാട്ടിയിൽ വീടിന്റെ ചുമരിടിഞ്ഞുവീണ് അമ്മൂമ്മയും പേരക്കുട്ടിയും ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.കല്യാണപേട്ട സുദേവന്റെ ഭാര്യ വിജയലക്ഷ്മി (43), പേരക്കുട്ടി പ്രജുൽ (രണ്ടുവയസ്) എന്നിവരാണ് കഴിഞ്ഞദിവസം മരിച്ചത്.ഇന്നലെ രാവിലെ 11.14ന് കല്യാണപേട്ട നാരായണന്റെ മകൻ ഷണ്മുഖന്റെ ഓലമേഞ്ഞ കുടിലിന്റെ ചുമരാണ് ഇടിഞ്ഞുവീണത്. നടക്കാൻ പോകുന്ന വിവാഹത്തിനു മുന്നോടിയായി വീട്ടിൽ വരാന്ത പുതുക്കിപണിയുന്നുണ്ടായിരുന്നു. ഇവിടേയ്ക്ക് വിജയലക്ഷ്മി കുട്ടിയുമായി എത്തുകയായിരുന്നു.
വീടിന്റെ മുൻഭാഗത്ത് ഇടതുഭാഗത്തെ മണ്തിട്ട വൃത്തിയാക്കുന്നതിനാൽ വിജയലക്ഷ്മിയും പ്രജിത്തും വലതുഭാഗത്ത് ഇരിക്കുന്നതിനിടെ ചുമരിടിഞ്ഞു വീണതോടെ ഇരുവരും അടിയിൽപെടുകയായിരുന്നു.തുടർന്നു ഇരുവരെയും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഡിവൈെസ്പി സുന്ദരൻ അപകടമുണ്ടായ വീട്ടിലെത്തി അന്വേഷണം നടത്തിവിജയലക്ഷ്മിയുടെ മകൾ സുജനയുടെ മകനാണ് പ്രജിത്ത്. സുജന കൃഷിവകുപ്പിൽ കൃഷി അസിസ്റ്റന്റാണ്. നടപ്പുണിയിലാണ് സുജനയുടെ ഭർത്താവായ പ്രദീഷിന്റെ വീട്.ഇന്നലെ സുജന ജോലിക്കുപോയശേഷം വിജയലക്ഷ്മി കുട്ടിയുമായി കല്യാണപേട്ടയിലെ വീട്ടിലെത്തുകയായിരുന്നു.
വൈകുന്നേരം പേരക്കുട്ടിയെ നടുപ്പുണിയിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽഅതിനുമുന്പ് മണ്ചുമർ ഇരുവരുടെയും ജീവനെടുത്തു.അപകടവിവരം അറിഞ്ഞ് വിജയലക്ഷ്മിയുടെ വീട്ടിലേക്ക് വൻജനാവലിയാണ് ഒഴുകിയെത്തിയത്. സജേഷ്, സുവർണ എന്നിവരാണ് വിജയലക്ഷ്മിയുടെ മറ്റു മക്കൾ.
മീനാക്ഷിപുരം പോലീസ് ഇൻക്വസ്റ്റിനുശേഷം മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.വിജയലക്ഷ്മിയെ ചിറ്റൂർ പുഴപ്പാലം വാതക ശ്മശാനത്തിലും പ്രജിതിനെ നടുപ്പുണി പൊതുശ്മശാനത്തിലും സംസ്ക്കരിച്ചു.