ഒറ്റപ്പാലം: തെരഞ്ഞെടുപ്പ് കഴിഞ്ഞുവെങ്കിലും രാഷ്ട്രീയപാർട്ടികൾ സ്ഥാപിച്ച ഫ്ളെക്സ് ബോർഡുകളും അലങ്കാരങ്ങളും ഇനിയും എടുത്തു മാറ്റിയില്ല. പ്രചാരണ ബോർഡുകൾ ഉടനേ എടുത്തുമാറ്റണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ലംഘിക്കപ്പെടുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേ തന്നെ മേൽപറഞ്ഞ സാധനസാമഗ്രികൾ എടുത്തുമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് നല്കിയിരുന്നതാണ് ഇക്കാര്യം അംഗീകരിച്ചു സ്ഥാനാർഥികളും മുന്നോട്ടു വന്നു.
എന്നാൽ പ്രചാരണ സാധനസാമഗ്രികൾ എടുത്തുമാറ്റാൻ സ്ഥാനാർത്ഥികൾ പാർട്ടി അണികൾക്ക് നിർദേശം നല്കിയില്ലെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരെ അനൗദ്യോഗികമായി ഇക്കാര്യം ആവശ്യപ്പെട്ടു ബന്ധപ്പെട്ടവർ സമീപിച്ചെങ്കിലും ഇനിയും ഇവ അഴിച്ചുമാറ്റാൻ ബന്ധപ്പെട്ട സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും തയാറായിട്ടില്ലെന്നതാണ് വസ്തുത.
പാലക്കാട്, ആലത്തൂർ ലോക്സഭാ മണ്ഡലത്തിലും ഇതുതന്നെയാണ് അവസ്ഥ. നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രധാന വഴികളിലും പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും ഇപ്പോഴും അഴിച്ചുമാറ്റാത്ത അവസ്ഥയാണ് പരിസ്ഥിതിക്ക് ദോഷം ഉണ്ടാകാത്ത തരത്തിലുള്ള തുണി ബോർഡുകളാണ്.
ഇത്തവണ സ്ഥാനാർഥികൾ ഉപയോഗിച്ചിരുന്നത് ഇവ മണ്ണിൽ അലിയുന്നതും പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തിലുള്ളതുമാണ്. കൊടിതോരണങ്ങളും മറ്റും പ്ലാസ്റ്റിക് സാമഗ്രികൾകൊണ്ട് നിർമിച്ചതാണ് ഇവ. പരിസ്ഥിതിക്ക് ദോഷം വരുത്തിവയ്ക്കുന്നതുമാണ് ഇത്തരം സാധനസാമഗ്രികളാണ് പൂർണമായും അഴിച്ചുമാറ്റാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഘട്ടത്തിൽ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്.
അതേസമയം പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ പ്രചാരണ സാധനസാമഗ്രികൾ പൂർണമായും എടുത്തു മാറ്റിയ സാഹചര്യവുമുണ്ട്. സ്ഥാനാർത്ഥികളോട് നേരിട്ടുതന്നെ പ്രചാരണ സാധനസാമഗ്രികൾ ഉടനേ അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവർക്ക് ഇക്കാര്യത്തിൽ വലിയ താത്പര്യം ഉണ്ടാകാനുള്ള സാഹചര്യം കുറവാണ്.
തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി താങ്കളുടെ ചിരിക്കുന്ന മുഖവുമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ കാണുന്നത് അവർക്ക് ഒരു പ്രത്യേക സുഖം തന്നെയാണ്. ഇതുകൊണ്ട് തന്നെയാണ് സ്ഥാനാർഥികൾ ആരുംതന്നെ മുൻകൈയെടുത്തു മേൽപ്പറഞ്ഞവ എടുത്തുമാറ്റാൻ തയാറാകാത്തത്. അതേസമയം രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും നല്കിയ വാക്ക് പാലിക്കാൻ മേൽപ്പറഞ്ഞവർ തയാറാകണമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തവണ അനുവാദം ചോദിക്കാതെ പലസ്ഥലങ്ങളിലും പ്രചാരണ ബോർഡുകളും ചുമരെഴുത്തുകളും മറ്റും നടത്തിയിട്ടുണ്ടെന്നാണ് ഉയർന്നുവന്നിട്ടുള്ള ആക്ഷേപം തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവയെല്ലാം മാറ്റുമെന്നാണ് ഉടമകൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം താങ്കളുടെ സ്ഥലങ്ങളിലും വസ്തുക്കളിലും രാഷ്ട്രീയപാർട്ടികളുടെ അനധികൃത കൈയേറ്റം നിലനില്ക്കുന്നത് ഇവരെ അലോസരപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഈ മാസം 23 നടക്കാനിരിക്കെ അതിനുമുന്പ് ഇവയെല്ലാം എടുത്തുമാറ്റണമെന്നാണ് ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.