തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം അവശേഷിക്കെ പ്രചാരണ ക്ലൈമാക്സിൽ മുഖ്യമന്ത്രിയെ കളത്തിലിറക്കി ഇടതുമുന്നണി.ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഇന്നു രാവിലെ വരവൂരിലാണ് ആദ്യ പരിപാടി. പിന്നീട് ദേശമംഗലത്തും ചെറുതുരുത്തിയിലും മുഖ്യമന്ത്രി പ്രസംഗിക്കും.
നാളെ രാവിലെ കൊണ്ടാഴിയിലും, പിന്നീട് പഴയന്നൂരും തിരുവില്ലാമലയിലും മുഖ്യമന്ത്രി പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യും.മുഖ്യമന്ത്രിയെ എത്തിച്ചുള്ള അവസാനഘട്ട പ്രചാരണത്തിലൂടെ മേൽക്കൈ നേടാനാണ് എൽഡിഎഫ് നീക്കം. അതേസമയം യുഡിഎഫ് ക്യാന്പ് ആകട്ടെ കുടുംബയോഗങ്ങളിൽ വേരുറപ്പിക്കുകയാണ്.
കെ.സി. വേണുഗോപാലിന്റെ വിജയത്തിനായി ആലപ്പുഴയിൽ നടപ്പാക്കിയ കുടുംബയോഗത്തിന്റെ മാതൃകയാണ് ചേലക്കരയിൽ പരീക്ഷിക്കുന്നത്. ബിജെപിയും കോർണർ യോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ, പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടുറുപ്പിക്കുകയാണ് സ്ഥാനാർഥികൾ. ചേലക്കരയിൽ പ്രധാന മുന്നണികൾ തങ്ങളുടെ വിഐപി നേതാക്കളെ പ്രചരണരംഗത്ത് സജീവമാക്കി നിർത്തിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്.