പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപം ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മൂന്നു വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയിലും ചെറിയ പരിക്കുണ്ട്. എന്നാൽ ഇത് മരണകാരണമല്ല. കുട്ടിയുടെ കഴുത്തിൽ ഏലസ് കെട്ടിയിട്ടുണ്ട്. ഇതിൽ അറബി വാക്കാണ് എഴുതിയിട്ടുള്ളത്. അതിനാൽ മുസ്ലീം പശ്ചാത്തലമുള്ള കുട്ടിയാണെന്നാണ് പോലീസ് നിഗമനം.
ചൊവ്വാഴ്ച വൈകുന്നേരമാണ് താണാവ് മേൽപ്പാലത്തിനു സമീപം ദുർഗന്ധം വമിക്കുന്ന നിലയിൽ ചാക്കുകെട്ട് കണ്ടെത്തിയത്. മൂന്നുദിവസത്തോളം പഴക്കമുള്ള മൃതദേഹമായിരുന്നു. കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി ഉപേക്ഷിച്ചതാണെന്ന് വ്യക്തമായിരുന്നു. ഡിവൈഎസ്പി ജി.ഡി വിജയകുമാർ, പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.