നെന്മാറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ പച്ചക്കറി കൃഷിയിൽ വ്യാപകമായി നഷ്ടം. വെജിറ്റബിൽ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പച്ചക്കറികൃഷിയിൽ 426 ഹെക്ടറും, പച്ചക്കറി വിത്തുകൃഷിയിൽ 125 ഹെക്ടറും, 106 ഹെക്ടർ വാഴകൃഷിയും നശിച്ചു. പച്ചക്കറി കൃഷിയിൽ 2.15 കോടി രൂപയുടെയും പച്ചക്കറി വിത്തുകൃഷിയിൽ മൂന്നുകോടി രൂപയുടെയും, വാഴകൃഷിയിൽ അഞ്ച് കോടി രൂപയുടെയും നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.
പച്ചക്കറിമേഖലയിൽ മാത്രം ജില്ലയിൽ 10.5 കോടി രൂപയുടെ കൃഷിയാണ് നശിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ പുതുക്കോട്, അയിലൂർ, വിത്തനശേരി, കൊല്ലങ്കോട്, വടകരപ്പതി തുടങ്ങിയ മേഖലകളിലാണ് കൂടുതലും പച്ചക്കറി കൃഷി ചെയ്യുന്നത്. മണ്ണാർക്കാട്, അലനെല്ലൂർ, മലന്പുഴ, പുതുപ്പരിയാരം ഭാഗങ്ങളിലാണ് വാഴകൃഷി കൂടുതലുള്ളത്.
വി.എഫ്.പി.സി.കെ.യിൽ രജിസ്റ്റർ ചെയ്ത കർഷകരിൽ 70 ഹെക്ടർ പച്ചക്കറി കൃഷിയും, വാഴക്കൃഷിയിൽ 48 ഹെക്ടറും മാത്രമാണ് ഇൻഷ്വറൻസ് ചെയ്തിട്ടുള്ളത്. മറ്റുള്ള കർഷകർക്കും ഇൻഷ്വറൻസ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കൗണ്‍സിൽ അധികൃതർ പറഞ്ഞു.
കൃഷിനാശമുണ്ടായ സ്ഥലങ്ങൾ വി.എഫ്.പി.സി.കെ ഡയറക്ടർ അജുജോണ് മത്തായി, ഡെപ്യൂട്ടി മാർക്കറ്റിംഗ് മാനേജർ രമേഷ് അഗസ്റ്റിൻ, ജില്ലാ മാനേജർ പി.ഉമ, ഫെബിൻ, കവിത, ബബിത, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.