മംഗലം ശങ്കരൻകുട്ടി
കരിന്പനക്കാറ്റിന്റെ ശീൽക്കാരമേറ്റുണരുന്ന നാട്ടിൽ കള്ളനോട്ടും കുഴൽപ്പണവും ഒഴുകുന്പോൾ പാലക്കാടിന് അത് പുതിയ മേൽവിലാസമാവുകയാണ്. അടുത്തകാലത്ത് കേരളത്തിലെ പ്രധാന കള്ളനോട്ട്-കുഴൽപ്പണ ഹബ്ബായി പാലക്കാട് ജില്ല മാറിയെന്നത് ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. കേരളത്തിൽ പൊതുവെ ഇത്തരം പ്രശ്നങ്ങളൊന്നും അധികമില്ലാത്ത ജില്ലയെന്ന ഓമനപ്പേര് പാലക്കാടിനുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് തുരങ്കംവയ്ക്കുന്ന കുഴൽപ്പണമിടപാടുകാരും കള്ളനോട്ടു സംഘങ്ങളും പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വേരുറപ്പിക്കുന്പോൾ പാലക്കാടിന്റെ മുഖവും മാറുകയാണ്.
രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് ഏഴുകോടിയുടെ കള്ളപ്പണം
പട്ടാന്പി, കൂറ്റനാട്, കൊപ്പം തുടങ്ങിയ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലാണ് പ്രധാനമായും ഈ സംഘങ്ങൾ വിഹരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏഴുകോടിയോളം രൂപയാണ് കള്ളപ്പണമായും കുഴൽപ്പണമായും പോലീസ് പിടിച്ചെടുത്തത്. ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകൾ അച്ചടിക്കുന്ന സ്ഥലവും അത്യന്താധുനിക രീതിയിലുള്ള മെഷീനുകളും പോലീസ് പിടികൂടി.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ആറുപേരാണ് പോലീസ് പിടിയിലായത്. വരോട് സ്വദേശിയായ യുവാവും പോലീസ് പിടിയിലായിരുന്നു. പട്ടാന്പി കൊപ്പത്ത് പുതുതായി പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചതോടെയാണ് കള്ളനോട്ട് സംഘങ്ങളും കുഴൽപണ ഇടപാടുകാരും വ്യാപകമായി പിടിക്കപ്പെടാൻ തുടങ്ങിയത്.ചെർപ്പുളശേരി വഴിയും വളാഞ്ചേരി വഴിയും മലപ്പുറം ജില്ലയിലേക്കാണ് വ്യാപക കുഴൽപ്പണ ഇടപാടുകൾ നടക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്പേ തന്നെ ഉന്നത പോലീസ് മേധാവികൾക്ക് വിവരം നല്കിയിരുന്നു.
കള്ളനോട്ടിന്റെയും കുഴൽപ്പണത്തിന്റെയും പ്രധാന കേന്ദ്രവും ഇടനാഴിയുമായി പാലക്കാട് മാറുന്നത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തരവകുപ്പിന് പോലീസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സമീപകാലത്തെ സംഭവവികാസങ്ങൾ ഈ മുന്നറിയിപ്പ് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
ജില്ലയുടെ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ ഇതിനകം വിപണിയിൽ എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭ്യമായ വിവരം. കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പിടിയിലായവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ
ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം അത്രയും പെർഫെക്ട് ആയാണ് വ്യാജൻ നിർമിക്കപ്പെടുന്നത്. അതിനായി ഏറ്റവും പുതിയ സാങ്കേതിക വിദ്യയുള്ള പ്രിന്റിംഗ് യൂണിറ്റ് തന്നെ വിദേശത്തു നിന്നും മറ്റും എത്തിച്ചാണ് കള്ളനോട്ടു മാഫിയ പാലക്കാടൻ മണ്ണിൽ വേരുറപ്പിക്കുന്നത്. പുതിയ നോട്ടുകൾ വന്നതോടെ ആളുകൾക്കിടയിലുള്ള ആശയക്കുഴപ്പങ്ങളും കള്ളനോട്ട് മാഫിയ മുതലെടുക്കുന്നു.
കള്ളനോട്ടുകൾ പാലക്കാടിന്റെ സമീപജില്ലകളിൽ നേരത്തെ തന്നെ വ്യാപകമായിട്ടുണ്ടായിരുന്നു. അവിടങ്ങളിൽ പോലീസും എൻഫോഴ്സ്മെന്റും ഈ മാഫിയക്കെതിരെ പിടിമുറുക്കിയതോടെയാണ് ഇക്കൂട്ടർ താവളം പാലക്കാട്ടേക്ക് മാറ്റിയത്. തൃശൂർ, മലപ്പുറം ജില്ലകളിലേക്ക് എളുപ്പത്തിലെത്താമെന്നത് പാലക്കാട്ടെ കള്ളനോട്ടുകാർക്ക് സൗകര്യമേറ്റി.
വർഷങ്ങളായി കള്ളനോട്ടു ബിസിനസുമായി പ്രവർത്തിക്കുന്നവർ പാലക്കാട് പ്രധാനകേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
പിടികൂടുന്നവർക്ക് വർഷങ്ങളുടെ പ്രവൃത്തിപരിചയം
കഴിഞ്ഞദിവസം 82,000 രൂപയുടെ കള്ളനോട്ടുമായി കാടാന്പുഴ സ്വദേശിയായ കരീമിനെ ചെർപ്പുളശേരി പോലീസ് അറസ്റ്റു ചെയ്തിരുന്നു. വർഷങ്ങളായി ഈ മേഖലയിൽ ഇയാൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇതിനകം ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ഇയാളെ ചോദ്യംചെയ്തതിൽ നിന്ന് പോലീസിന് മനസിലായി.
തൃശൂർ സ്വദേശി മണി, വെങ്കിടങ്ങ് പെരുന്പടപ്പ് സ്വദേശി സദാനന്ദൻ എന്നിവരിൽ നിന്നാണ് കരീം കള്ളനോട്ടുകൾ വാങ്ങിയിരുന്നത്. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടു നിർമിക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടർ, കളർ പ്രിന്റർ എന്നിവ പിടിച്ചെടുത്തു. മണിയുടെ വീട്ടിൽനിന്നാണ് കള്ളനോട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന അനുബന്ധ സാധനങ്ങൾ കൂടി പോലീസ് കണ്ടെടുത്തത്.
മണിയിൽനിന്ന് 80,000 രൂപയും സദാനന്ദനിൽ നിന്നും 40,000 രൂപയുടെയും വ്യാജനോട്ടുകളാണ് പോലീസ് പിടികൂടിയത്.മണിയും സംഘവും കള്ളനോട്ട് നിർമിച്ച് കോഴിക്കോട്, പാലക്കാട്, ചെർപ്പുളശേരി, ഒറ്റപ്പാലം, ഷൊർണൂർ, ചാലിശേരി, പട്ടാന്പി, കൊഴിഞ്ഞാന്പാറ, പാലക്കാട് ഭാഗങ്ങളിൽ വ്യാപകമായി വിതരണം ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
രേഖകളില്ലാതെ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുമായി കൊപ്പം മുളയങ്കാവിന് സമീപം പോലീസ് പിടികൂടിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഹിർ, സഹദ്, നിസാമുദ്ദീൻ എന്നീ മൂന്നു പ്രതികളിൽ നിന്നും രണ്ടായിരം രൂപയുടെ 41 കള്ളനോട്ടുകൾ പിടിച്ചെടുത്തിരുന്നു. പാലക്കാട് നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്നു കുഴൽപണം. കുഴൽപ്പണത്തിലും കള്ളനോട്ട് കലർത്തുന്ന പുതിയതന്ത്രമാണ് ഇപ്പോൾ പാലക്കാടൻ മണ്ണിൽ മാഫിയകൾ പ്രയോഗിക്കുന്നത്.
കുലുക്കല്ലൂർ റെയിൽവേ ഗേറ്റിന് സമീപം വെച്ച് കഴിഞ്ഞദിവസം ഒറ്റപ്പാലം പോലീസിന്റെ പിടിയിലായ തൃക്കടീരി കീഴൂർ റോഡ് സ്വദേശി സജീർമോന്റെ പക്കൽനിന്നും 2,00,000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്.2000 രൂപയുടെ 176 വ്യാജ കറൻസികളാണ് ഇയാളിൽനിന്നും പോലീസ് കണ്ടെടുത്തത്. ഇതിന് തൊട്ടടുത്ത ദിവസംതന്നെ മുക്കാൽ ലക്ഷംരൂപയുടെ വ്യാജനോട്ടുകളുമായി ഒറ്റപ്പാലം വരോട് സ്വദേശി റിൻഷാദ് അറസ്റ്റിലായിരുന്നു. കള്ളനോട്ടുമായി തൃശൂരിലേക്ക് പോകുന്നതിനിടെ ഒറ്റപ്പാലം പോലീസാണ് രഹസ്യവിവരത്തെ തുടർന്ന് പ്രതിയെ അറസ്റ്റുചെയ്തത്.
വ്യാപകമാകുന്നത് 2,000 ന്റെ വ്യാജനോട്ടുകൾ
രണ്ടായിരത്തിന്റെ കള്ളനോട്ടുകളാണ് വ്യാപകമായി വിപണിയിൽ പ്രചരിക്കുന്നത്. കള്ളനോട്ടിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതെത്രമാത്രം വിജയിക്കുമെന്നതിലും എത്രകണ്ട് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്നതിലും സംശയങ്ങളേറെയാണ്.
മൂന്നിടത്തുമായി അറസ്റ്റിലായ നാലുപേരിൽനിന്ന് കണ്ടെത്തിയത് മുഴുവൻ 2000 രൂപയുടെ വ്യാജ കറൻസികളായിരുന്നു. നോട്ടുകളിൽ ഒന്നിലും സെക്യൂരിറ്റി ത്രെഡുകളും റിസർവ് ബാങ്ക് മുദ്രയും ഗാന്ധിജിയുടെ വാട്ടർമാർക്ക് ചിത്രവും ഉണ്ടായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഒറ്റനോട്ടത്തിൽ ഇവ തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ പലരും ബാങ്കിലെത്തി കഴിയുന്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നത്.
അതേസമയം കള്ളനോട്ട് മാഫിയയേക്കാൾ ശക്തമായി കുഴൽപണ മാഫിയ കരിന്പനക്കാറ്റിന്റെ നാട്ടിൽ ശക്തിയാർജിച്ചു കഴിഞ്ഞിട്ടുണ്ട്. കോടികളാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കും കുഴൽപ്പണമായി ഒഴുകുന്നത്. അതിന്റെ പ്രധാന ഇടത്താവളമായി പാലക്കാട് മാറിക്കഴിഞ്ഞു. മിക്ക ദിവസവും പിടിയിലാകുന്ന കുഴൽപ്പണ സംഘങ്ങൾ നൽകുന്ന വിവരങ്ങളും അതു തന്നെയാണ്.
പട്ടാന്പി, കൊപ്പം പോലീസാണ് വ്യാപകമായി കുഴൽപ്പണ ഇടപാടുകാരെയും കള്ളനോട്ട് സംഘങ്ങളെയും അമർച്ചചെയ്യാൻ ശക്തമായി ഇറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് കൊപ്പം പോലീസ് മാത്രം പത്തുകോടിയോളം രൂപ വിവിധ ഘട്ടങ്ങളിലായി ഇതിനകം പിടികൂടിക്കഴിഞ്ഞു. ട്രെയിനുകൾ വഴിയും റോഡുമാർഗം ഇരുചക്രവാഹനങ്ങളിലും കാറുകളിലുമാണ് കുഴൽപ്പണവും വ്യാജ കറൻസികളും കടത്തുന്നത്. പാലക്കാട് നിന്ന് കൂടുതലായും മലപ്പുറം ജില്ലയിലേക്കാണ് കുഴൽപ്പണ ഇടപാടുകൾ വ്യാപകമായി നടത്തുന്നതെന്ന് പോലീസിന് ഇതിനകം ബോധ്യമായിട്ടുണ്ട്.
രാജ്യത്തോട് സാന്പത്തികയുദ്ധം പ്രഖ്യാപിച്ച പ്രവർത്തിക്കുന്ന കള്ളനോട്ട് – കുഴൽപ്പണ മാഫിയയോട് പോരാടാൻ പോലീസിന്റെ ഇടപെടൽ കുറേക്കൂടി ശക്തമാകേണ്ടതുണ്ട്. ഒരു ലോക്കൽ സ്റ്റേഷന്റെ പരിധിയിലും പരിമിതിയിലും നിന്ന് ഈ മാഫിയയ്ക്കെതിരെ യുദ്ധം നടത്തുക എളുപ്പമല്ല. ഇത്തരം ഒറ്റയാൾ പോരാട്ടങ്ങൾ ഈ മാഫിയകളുടെ വേരറുക്കില്ലെങ്കിലും ആ ദുഷ്ടശക്തികളുടെ വേരുകൾക്ക് കേടുവരുത്താനെങ്കിലും പ്രയോജനപ്പെടുമെന്നതുകൊണ്ട് പാലക്കാട് ജില്ലയിലെ ആ പോലീസ് സ്റ്റേഷനുകളിലെ സേനാംഗങ്ങൾക്ക് നൽകണം നല്ലൊരു സല്യൂട്ട്.
പാലക്കാട് ജില്ലയിൽ തഴച്ചുവളരുന്ന കള്ളനോട്ട് – കുഴൽപ്പണ മാഫിയകളെ കണ്ടെത്താനും അമർച്ച ചെയ്യാനും പ്രത്യേക സ്ക്വാഡിന് രൂപം നൽകണം. ഉന്നത പോലീസ് മേധാവികളുടെ ശ്രദ്ധ പതിയേണ്ടത് ഇക്കാര്യത്തിലാണ്. പിടിക്കപ്പെടും തോറും പെരുകുന്ന ശൃംഖലകളാണ് ഇവയുടേത്. പിടിക്കപ്പെട്ടതിനേക്കാൾ ഇരട്ടിയാകാം പിടിക്കപ്പെടാതെ പോയതെന്ന് പോലീസ് തന്നെ സമ്മതിക്കുന്നു. പാലക്കാടൻ കാറ്റിന് കള്ളനോട്ടിന്റെയും കുഴൽപ്പണത്തിന്റെയും ഗന്ധമാണിപ്പോൾ. അതു പടരാതിരിക്കാനാണ് ശ്രദ്ധ നൽകേണ്ടത്.