ഷൊർണൂർ: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പാലക്കാട് ജില്ലയിലൂടെയാണ് ട്രെയിൻമാർഗം കഞ്ചാവു കടത്തുന്നതെന്ന് എക്സൈസ് പ്രത്യേകസംഘം കണ്ടെത്തി. ഇത്തരത്തിൽ കിലോക്കണക്കിനു കഞ്ചാവാണ് മറ്റു ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നത്. അതിർത്തി കടത്താനാണ് കഞ്ചാവുമാഫിയ പരിശോധനകളില്ലാത്തതിനാൽ പ്രധാനമായും ട്രെയിനുകളെ ആശ്രയിക്കുന്നത്.
തമിഴ്നാട്ടിൽനിന്നും ഉൗടുവഴികളിൽ കേന്ദ്രീകരിച്ചും കഞ്ചാവു കടത്തുന്നുണ്ട്. സ്വകാര്യവാഹനങ്ങളെയും ടാക്സികളെയും ഉപേക്ഷിച്ചാണ് ട്രെയിൻമാർഗം പുതിയതായി സ്വീകരിച്ചിരിക്കുന്നത്. ലോക്കൽ പോലീസിന്റെ ഉപദ്രവവും പരിശോധനയും ഇതുമൂലമുണ്ടാകാറില്ല.
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ ഇതിനകംതന്നെ കഞ്ചാവുമാഫിയകളുടെ ഇടതാവളമാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു ദീർഘദൂര, ഹ്രസ്വദൂര ട്രെയിനുകൾ ഇവിടെനിന്നും ഉണ്ടെന്നുള്ളതാണ് ഇതിനുകാരണം. ലഹരിവസ്തുക്കൾ പിടികൂടാൻ എക്സൈസ് വകുപ്പിനാണ് ഇപ്പോൾ ചുമതല. എന്നാൽ ട്രെയിനുകളിൽ കയറി പരിശോധിക്കാൻ ഇവർക്കാകില്ല.
വിരലിലെണ്ണാവുന്ന റെയിൽവേ പോലീസുകാരും തിരക്കുള്ള ട്രെയിനുകളിൽ പരിശോധനയ്ക്കു കയറാറില്ല. ഇതു ശരിക്കും മുതലെടുക്കുകയാണ് കഞ്ചാവു മാഫിയ. കഴിഞ്ഞ ഒരുമാസത്തിനിടെ ഇരുപതിനടുത്ത് യുവാക്കളാണ് കഞ്ചാവു കടത്തുന്നതിനിടെ അറസ്റ്റിലായത്. പിടിയിലായവരെല്ലാം യുവാക്കളായിരുന്നു.
കാര്യമായ പരിശോധനകളൊന്നും ഇപ്പോഴും കഞ്ചാവു വേട്ടയുമായി നടക്കുന്നില്ല. എക്സൈസും പോലീസും ഇക്കാര്യത്തിൽ താത്പര്യമെടുക്കുന്നുമില്ല. കഞ്ചാവു കടത്തുന്നതും ഇതു മറ്റു ജില്ലകളിലേക്ക് എത്തിക്കുന്നതും പാലക്കാട് ജില്ല വഴിയാണെന്ന തിരിച്ചറിവിനെ തുടർന്ന് പ്രത്യേക ടീം രൂപീകരിച്ച് കഞ്ചാവു കടത്തുന്നതു തടയാനാണ് എക്സൈസ് തീരുമാനം.
അതേസമയം പോലീസും എക്സൈസും സംയുക്തമായി കഞ്ചാവുകടത്തു തടയാൻ കൈകോർത്താൽ മാത്രമേ ഇതും ഫലവത്താകുകയുള്ളുവെന്നും അഭിപ്രായം ഉയരുന്നുണ്ട്.