മണ്ണാർക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാത 966 ലെ കോങ്ങാട് മണ്ഡലത്തിലെ നൊട്ടമ്മല മുതൽ ഒലവക്കോട് താണാവ് വരെ വരുന്ന റോഡിന്റെ നവീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി കരിന്പ പഞ്ചായത്ത് ഹാളിൽ പ്രത്യേക യോഗം ചേർന്നു. യോഗത്തിൽ എംഎൽഎ കെ.വി വിജയദാസ് അധ്യക്ഷത വഹിച്ചു.
കരിന്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് സി.കെ ജയശ്രീ, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് അംഗം സി.അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ശരീഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ, വാർഡ് അംഗം ആൻറണി മതിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, ശാന്തകുമാരി ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എൻജിനീയർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ (ഷൊർണൂർ), ഇലക്ട്രിസിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കോങ്ങാട്) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (തച്ചന്പാറ), തഹസിൽദാർ (എൽ.എ),തഹസിൽദാർ (എൽ.ആർ) ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
താഴെപ്പറയുന്ന തീരുമാനങ്ങൾ യോഗത്തിൽ എടുത്തു. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തി ഒരാഴ്ചക്കകം പൂർത്തീകരിക്കും .റോഡിന്റെ അതിർത്തി നിർണയിച്ചു കൊടുക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി അതിവേഗത്തിൽ പൂർത്തീകരിക്കുന്നതാണ്.
റോഡിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പ്രദേശത്തെ പൈപ്പ് ലൈൻ അതിവേഗത്തിൽ മാറ്റി സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇലക്ട്രിസിറ്റി ലൈനുകളും, ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി മുൻഗണനാ ലിസ്റ്റ് തയ്യാറാക്കി പിഡബ്ല്യുഡി രണ്ടു ദിവസത്തിനകം കഐസ്ഇബിയെ ഏല്പിക്കണം. ഇതു കിട്ടുന്ന മുറക്ക് വേഗത്തിൽ ട്രാൻസ്ഫോർമറുകളും ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി യോഗം തീരുമാനിച്ചു.
റോഡിന്റെ പ്രവർത്തിയിൽ 27 കൾവർട്ടുകൾ പൂർത്തിയായിട്ടുണ്ട്. ഈ പ്രവൃത്തി പൂർത്തിയാക്കിയിടത്ത് മണ്കൂനകളാണ്. ഇവ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ അത്തരം ഭാഗങ്ങളിൽ പാച്ച് വർക്ക് നടത്തിയ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു.
റോഡിന്റെ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തെ മരങ്ങൾ നിലവിൽ മുറിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രവൃത്തി വേഗത്തിലാക്കുന്നതിന് കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനമായി.