പാലക്കാട്: മഴശക്തമായതോടെ പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മാലിന്യം ചീഞ്ഞുനാറി മണ്ണാർക്കാട്ടുവരെയുള്ള യാത്ര ദുരിതപൂർണം. ദേശീയപാതയിലുടനീളം റോഡരികിൽ മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ യാത്രക്കാർക്ക് മൂക്കുപൊത്താതെ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയാണ്.
ഒലവക്കോട് പിന്നിട്ടാൽ റെയിൽവേപാലത്തുനിന്നു തുടങ്ങി പന്നിയംപാടം വളവ്, മുണ്ടൂർ കയറംകോട്, വേലിക്കാട്, കല്ലടിക്കോട്, മാച്ചാംതോട്, തച്ചന്പാറ, ചിറക്കൽപ്പടി, നൊട്ടമല വളവ് എന്നിവിടങ്ങളിലെല്ലാം മാലിന്യനിക്ഷേപം പെരുകിയിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും തള്ളിയ ഇറച്ചിമാലിന്യങ്ങളാണ് മഴയിൽ ചീഞ്ഞുനാറുന്നത്.
രാത്രിയുടെ മറവിൽ ഇറച്ചികടകളിൽനിന്നുള്ള മാലിന്യമാണ് വാഹനങ്ങളിലെത്തുന്ന സംഘം ഇവിടങ്ങളിൽ തള്ളുന്നത്. മുണ്ടൂർ കയറംകോടിലെ ആളൊഴിഞ്ഞ ഭാഗം ഇന്ന് മാലിന്യകൂന്പാരമാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെയും മറ്റു ഇഴജന്തുക്കളുടെയും ശല്യം ഇവിടെ രൂക്ഷമായിരിക്കുകയാണ്.
കാൽനടയാത്രയും അസഹ്യമാണ്. പലയിടത്തും മാലിന്യനിക്ഷേപത്തിനെതിരെ അതത് പഞ്ചായത്ത് അധികൃതരുടെ നോട്ടീസ് ബോർഡുകളുണ്ടെങ്കിലും നിയമങ്ങൾ കാറ്റിൽപറത്തി ബോർഡുകൾക്കു കീഴെപോലും മാലിന്യംതള്ളിയിരിക്കുകയാണ് സാമൂഹ്യവിരുദ്ധർ. ഇതോടെ സമീപപ്രദേശത്തുള്ള വീടുകളിലുള്ളവരും ദുരിതത്തിലായിരിക്കുകയാണ്.
സ്കൂൾ വാഹനങ്ങളിൽപോകുന്ന വിദ്യാർഥികളും കാൽനടയായി പോകുന്ന വിദ്യാർഥികളുമെല്ലാം മൂക്കുപൊത്തി യാത്രചെയ്യേണ്ട സ്ഥിതിയാണ്. ചീഞ്ഞളിയുന്ന മാലിന്യം മറ്റു പകർച്ചവ്യാധിരോഗങ്ങൾക്കു കാരണമാകുമോ എന്ന ആശങ്കയിലാണ് ദേശീയപാതയോരത്തെ കുടുംബങ്ങളിലുള്ളത്. മുണ്ടൂർ മുതൽ മണ്ണാർക്കാടുവരെ കല്ലടിക്കോട്, മണ്ണാർക്കാട് പോലീസ് സ്റ്റേഷന്റെ പരിധിലാണുള്ളത്.
എന്നിരുന്നാലും രാത്രികാലങ്ങളിലുള്ള പോലീസ് പട്രോളിംഗ് കാര്യക്ഷമമാകാത്തതിന്റെ തെളിവുകൂടിയാണ് വർധിച്ചുവരുന്ന മാലിന്യനിക്ഷേപം ചൂണ്ടിക്കാണിക്കുന്നത്. മണ്ണാർക്കാട് നൊട്ടമല വളവിൽ ഇടക്കാലത്തിനുശേഷം വീണ്ടും മാലിന്യനിക്ഷേപം വർധിച്ചത് യാത്രക്കാരേയും പരിസരവാസികളേയും ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ചാക്കുകണക്കിന് മാലിന്യങ്ങളാണ് റോഡരികിൽ തള്ളിയിരിക്കുന്നത്.
അഴുക്കുചാൽ മണ്ണുമൂടിയതിനാൽ മാലിന്യം റോഡരികിൽതന്നെയാണ് കിടക്കുന്നത്. അസഹ്യമായ ദുർഗന്ധമാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. മാലിന്യംകലർന്ന വെള്ളം ഒഴുകിപോകുന്നത് നൊട്ടമലയ്ക്കുതാഴെയുള്ള നെല്ലിപ്പുഴയിലേക്കാണ്. നിരവധി ആളുകൾ കുളിക്കാനും മറ്റുമായി ഉപയോഗിക്കുന്ന പുഴയാണിത്. കൂടാതെ നെല്ലിപ്പുഴ പാലത്തിനുതാഴെയും മാലിന്യംതള്ളൽ വർധിച്ചിരിക്കുകയാണ്.
പുഴയിൽ ഒഴുക്കുള്ളതിനാൽ ചാക്കിലാക്കിയ മാലിന്യം പുഴയിലേക്കു തള്ളുന്നവരും ഏറെയാണ്. ഇവ പലപ്പോഴും അടിഞ്ഞുകൂടുന്നത് കുളിക്കടവുകളിലാണ്. ഇറച്ചിമാലിന്യങ്ങൾ മാത്രമല്ല, തെരുവുനായ്ക്കളുടെയും മറ്റു ജന്തുക്കളുടെയും ജീർണിച്ച ജഡങ്ങൾ പുഴയോരങ്ങളിൽ അടിഞ്ഞുകിടക്കുന്നതും സാധാരണ കാഴ്ചയായി മാറിയിരിക്കുകയാണ്.
കുന്തിപ്പുഴപോലെയുള്ള ജലസ്രോതസുകൾ നിരവധി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രമാണ്. പൈപ്പിലൂടെ എത്തുന്ന വെള്ളത്തിന് മാലിന്യത്തിന്റെ ദുർഗന്ധമുള്ളതായും വീട്ടമ്മമാർ പരാതിപ്പെടുന്നു.
മാലിന്യനിക്ഷേപകർക്കെതിരെ ഇനിയും നടപടി സ്വീകരിക്കാത്തപക്ഷം ഇത്തരം മാലിന്യനിക്ഷേപം വർധിക്കുകയേയുള്ളൂ. ദേശീയപാതവഴിയുള്ള യാത്രയിൽ ശുദ്ധവായു ശ്വസിക്കുക എന്നത് യാത്രക്കാർക്ക് സ്വപ്നസമാനമായിതീരും. അതിനാൽ രാത്രികാലങ്ങളിലുള്ള പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നുതന്നെയാണ് ജനങ്ങളുടെ ആവശ്യം.