തച്ചന്പാറ: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനത്തിന്റെ ഭാഗമായി തച്ചന്പാറ മേഖലയിൽ മരങ്ങൾ മുറിച്ചുമാറ്റിയില്ല. ദേശീയപാതവികസനം കല്ലടിക്കോട്, കരിന്പ, തച്ചന്പാറ മേഖലകളിൽ പ്രതിസന്ധിയിലാണ് എന്നതിന് ഉദാഹരണങ്ങളാണിവ. ദ്രുതഗതിയിൽ നടപ്പിലാക്കേണ്ട ദേശീയപാത വികസനമാണ് തച്ചന്പാറ മേഖലയിൽ കേവലം ഒച്ചിഴയും വേഗത്തിൽ നടക്കുന്നത്.
ഇത് ഗതാഗതക്കുരുക്ക് വർധിക്കുവാനും മേഖലയുടെ വികസനം പുറകോട്ടു പോകുവാനും കാരണമാകുന്നു. നാട്ടുകൽ മുതൽ താണാവ് വരെയാണ് നൂറ് കോടിരൂപ ചിലവിൽ ആധുനിക രീതിയിലുള്ള റോഡ് നിർമാണം നടത്തുന്നത്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് റോഡിന്റെ നിർമാണചുമതല ഏറ്റെടുത്തിരിക്കുന്നത്. നാട്ടുകൽ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാലിത് എല്ലാ ഭാഗത്തേക്കും എത്തിയിട്ടില്ല.
ഇതിനെതിരെ പ്രതിഷേധവും വ്യാപകമാകുന്നുണ്ട്. ദേശീയപാതയുടെ പൊന്നംകോട് എടായ്ക്കൽ, കരിന്പ ഭാഗങ്ങളിൽ വ്യാപകമായ തോതിലാണ് തണൽമരങ്ങൾ ഉള്ളത്. ഇവയൊന്നുംതന്നെ മുറിച്ചുമാറ്റാനുള്ള നടപടിയാരംഭിച്ചിട്ടില്ല. മുറിച്ചുമാറ്റാൻ ചിലപ്പോൾ മാസങ്ങൾതന്നെ വേണ്ടിവരും. അത്രയും സമയം റോഡുവികസനത്തിന് കാലതാമസംവരും. നാട്ടുകൽ ഭാഗത്ത് 90 ശതമാനത്തോളം മരങ്ങൾ മുറിച്ചുമാറ്റി.
ഈ ഭാഗങ്ങളിലും നിർമാണപ്രവർത്തനങ്ങളും 30 ശതമാനത്തോളം പൂർത്തിയായി. ബാക്കിയുളളവ ദ്രുതഗതിയിൽ നടക്കുന്നുമുണ്ട്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് വ്യാപകമായിരിക്കുകയാണ്. മണിക്കൂറുകളോളം ഗതാഗത തടസം നേരിടേണ്ടിവരുന്ന അവസ്ഥയുമുണ്ട്.
ദേശീയപാത വികസനം വേഗത്തിലായാൽ മാത്രമേ ഇവിടത്തെ പ്രശ്നങ്ങൾക്ക് താൽക്കാലികമായി ഇനിയും പരിഹാരമുണ്ടാവൂ. നാട്ടുകൽ, താണാവ് ദേശീയപാത വികസനത്തോടൊപ്പം മണ്ണാർക്കാട് ബൈപ്പാസിന്റെയും നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല.
ദേശീയപാതയോരത്ത് നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത വിഭാഗവും വനംവകുപ്പുംതമ്മിൽ തർക്കം നിലനിന്നിരുന്നു. എന്നാൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ മരംമുറിക്കുവാൻ അനുമതി നൽകിയിരിക്കുകയാണ്. ഇത്തരത്തിലുള്ള തർക്കവും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നടത്തേണ്ട ദേശീയപാതവികസനം മന്ദഗതിയിൽ ആയതോടെ പ്രതിഷേധം ശക്തമാകുകയാണ്.